സുരേഷ് ഗോപി എം പി, മന്ത്രി രവീന്ദ്രനാഥ് എന്നിവർ അഭിമന്യുവിന്‍റെ വീട് സന്ദർശിച്ചു.
ഇടുക്കി: ക്യാംപസ് രാഷ്ട്രീയത്തിന്റെ ചോരക്കളിയില് ജീവന് പൊലിഞ്ഞ അഭിമന്യുവിന്റെ വീട്ടിലേയ്ക്ക് സാന്ത്വനവുമായി പ്രമുഖരുടെ നീണ്ട നിര. മന്ത്രിമാരും ജനപ്രതിനിധികളുമുള്പ്പെട്ടെ നിരവധി പേരെത്തിയത് കുടുംബത്തിനും ആശ്വാസമായി. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് കൊട്ടാക്കമ്പൂരിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.
സംഭവ ദിവസം വൈദ്യുതി മന്ത്രി എം.എം.മണി സംഭവം നടന്ന എറണാകുളത്തെത്തിയിരുന്നു. രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി കൂടി എത്തിയതോടെ പ്രതിസന്ധി ഘട്ടത്തില് അഭിമന്യുവിന്റെ കുടുംബത്തിന് പിന്തുണയേകുവാന് കേന്ദ്ര സാന്നിധ്യവുമുണ്ടായി. എം.എ. ബേബിയും ഇന്ന് (7-7-2018) വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തി. നാളെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്, എം.എം.മണി തുടങ്ങിയവര് കൊട്ടാക്കമ്പൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അഭിമന്യുവിന്റെ സംസ്കാര ചടങ്ങുകളില് സംബന്ധിക്കുവാന് ഇടുക്കി എം.പി.ജോയ്സ് ജോര്ജ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്, എസ്.രാജേന്ദ്രന് എം.എല്.എ തുടങ്ങിയവര് എത്തിയിരുന്നു. സംസ്ഥാന യുവജന കമ്മീഷന് ചെയര്പേഴ്സണ് ചിന്താ ജെറോം കുടുംബത്തിന് സഹായസഹകരണങ്ങള് വാഗ്ദാനം ചെയ്തിരുന്നു. യുവജന കമ്മീഷന് അംഗങ്ങളായ ജിനീഷ് കുമാര്, നിശാന്ത് വി ചന്ദ്രന് തുടങ്ങിയവരും എത്തിയിരുന്നു.
