എസ് എഫ് ഐ സമരത്തെ തുടർന്ന് സ്കൂളിന് അവധി അനുവദിക്കാത്തില്‍ പ്രകോപിതരായ വിദ്യാർത്ഥികള്‍ പ്രിന്‍സിപ്പാളിനെയും പ്രധാന അദ്ധ്യാപകനെയും ക്ലാസ് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചർച്ചകള്‍ക്കാെടുവിലാണ് വിദ്യാർത്ഥികള്‍ പൂട്ടു തുറക്കാന്‍ അനുവദിച്ചത്. 

കാസർകോട് : അഭിമന്യുവിന്‍റെ മരണത്തെ തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ വിദ്യാഭ്യാസ ബന്ദില്‍ പരപ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘര്‍ഷം. സ്കൂളിന് അവധി നൽകാത്തതിൽ പ്രധിഷേധിച്ച് പ്രിസിപ്പാളിനെയും പ്രധാനാദ്ധ്യാപകനെയും എസ് എഫ്‌ ഐ വിദ്യാർഥികൾ പൂട്ടിയിട്ടു. 

പ്രിൻസിപ്പൽ കെ.സുരേഷിനെയും ഹെഡ്മാസ്റ്റർ കെ.എ.ബാബുവിനെയുമാണ് എസ്.എഫ്‌.ഐ.വിദ്യാർഥികൾ ഓഫീസ് മുറിയിൽ പൂട്ടിയിട്ടത്. വെള്ളരിക്കുണ്ട് സി.ഐ. എം. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാക്കളും പി.ടി.എ കമ്മറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പൊലീസ് ഇടപെട്ടാണ് പൂട്ട് തുറന്നത്. 

ഇന്ന് രാവിലെ ഒൻപതരയോടെ മുദ്രാവാക്യം വിളിച്ച് സ്‌കൂൾ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ എസ്.എഫ്‌.ഐ. വിദ്യാർത്ഥികള്‍ സ്‌കൂളിന് അവധി നൽകണമെന്നാവശ്യപ്പെട്ടെങ്കിലും പ്രിൻസിപ്പൽ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ്‌ വിദ്യാർഥികൾ രണ്ടുപേരെയും പൂട്ടിയിട്ടത്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പി.ടി.എ സ്‌കൂളിൽ വിദ്യാർത്ഥി രാഷ്ട്രീയം വിലക്കിയിരുന്നു. ഇങ്ങനെയൊരു തീരുമാനമുള്ളതുകൊണ്ടാണ് സ്കൂളിന് അവധി അനുവദിക്കാതിരുന്നതെന്ന് പ്രിൻസിപ്പൽ കെ.സുരേഷ് പറഞ്ഞു.

വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാക്കളും പി.ടി.കമ്മറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയെ തുടർന്ന് മൂന്ന് മണിയോടെ സ്‌കൂളിന് അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർത്ഥികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്.