നിട്ടറക്കാര്‍ ഏറെക്കാലം കോണ്‍ക്രീറ്റ് പാലത്തിനായി കാത്തിരുന്നെങ്കിലും നിരാശരായാണ് താല്‍ക്കാലികപാലം നിര്‍മിച്ചത്. 

വയനാട്: ശക്തമായ മഴയില്‍ കാളിന്ദി പുഴ കരകവിഞ്ഞതോടെ നിട്ടറ പ്രദേശത്തുകാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഉണ്ടാക്കിയ താല്‍ക്കാലിക പാലം ഒലിച്ചു പോയി. നിട്ടറക്കാര്‍ ഏറെക്കാലം കോണ്‍ക്രീറ്റ് പാലത്തിനായി കാത്തിരുന്നെങ്കിലും നിരാശരായാണ് താല്‍ക്കാലികപാലം നിര്‍മിച്ചത്. 

ഇതാണ് പുഴയിലെ കുത്തൊഴുക്കില്‍ മുക്കാല്‍ ഭാഗവും ഒഴുകിപോയത്. പുഴക്ക് നടുവിലായി പാലത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. മുളക്കമ്പുകള്‍, മരത്തടികള്‍ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ ശ്രമദാനത്തോടെയാണ് പാലം നിര്‍മിച്ചത്. കരിമം, നിട്ടറ, ചിന്നടി, വെള്ളറോടി പ്രദേശങ്ങളിലുള്ളവര്‍ക്ക് മറുകരയെത്താനുള്ള ഏക ആശ്രയം കൂടിയായിരുന്നു തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം. 

പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 2003-04 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് താല്‍ക്കാലിക പാലം പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയത്. 5.8 ലക്ഷം രൂപയായിരുന്നു നിര്‍മാണച്ചിലവ്. എന്നാല്‍ പൂര്‍ത്തിയായതും തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ പാലത്തിന്‍റെ മിക്ക ഭാഗങ്ങളും ഒലിച്ചു പോയി. 

ഇതേ പുഴക്ക് കുറുകെയുണ്ടായിരുന്ന പോത്തുമൂല, സര്‍വാണി, മാനിക്കൊല്ലി, കരിമം പാലങ്ങളും അന്ന് ഒലിച്ച് പോയിരുന്നു. ഇതിന് ശേഷം ജനകീയ കമ്മിറ്റി ഉണ്ടാക്കിയ പാലമാണ് ഇത്തവണത്തെ മഴയില്‍ നഷ്ടപ്പെട്ടത്. പുഴയില്‍ വലിയ കുഴലുകള്‍ സ്ഥാപിച്ച് ഇതിന് മുകളിലായിരുന്നു നടപ്പാത തീര്‍ത്തിരുന്നത്. മഴ കനത്തതോടെ പുഴയിലൂടെ ഒഴുകിയെത്തിയ വീട്ടിമരം പാലത്തില്‍ ഇടിച്ചു നിന്നത് തകര്‍ച്ചക്ക് വഴിയൊരുക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

2012-ല്‍ നിയമസഭാസമതി ഈ പാലം സന്ദര്‍ശിച്ചിരുന്നു. പി.ഡബ്ല്യൂ.ഡി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്തെത്തി സ്ഥിരം പാലത്തിനുള്ള എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നത്രേ. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ആരും ഈ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിലവില്‍ കേളു എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് സ്ഥിരം പാലം നിര്‍മിക്കാന്‍ പത്ത് കോടി അനുവദിച്ചിട്ടുണ്ട്.