കാല്‍പ്പാടുകളുടെ ചിത്രം സൂക്ഷ്മ പരിശോധനകള്‍ക്കായി അയച്ചു

ഇടുക്കി: മൂന്നാര്‍ ടൗണിന് സമീപത്ത് പുലിയിറങ്ങിയതായി അഭ്യൂഹം. മൂന്നാര്‍ ടൗണിലെ ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപത്തെ ചെളിയില്‍ പുലിയുടെതെന്നു തോന്നിക്കുന്ന കാല്‍പ്പാടുകള്‍ ഉച്ചയോടെ ജീവനക്കാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എം.ആര്‍. സുജീന്ദ്രനാഥിന്റെ നേത്യത്വത്തില്‍ ദേവികുളത്തെ ആര്‍.റ്റി.എഫ് അധിക്യതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും കാല്‍പ്പാടുകളുടെ ചിത്രം സൂക്ഷ്മ പരിശോധനകള്‍ക്കായി അയക്കുകയും ചെയ്തു. 

പൂച്ചപുലിയുടെ കാല്‍പ്പാടുകളായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സമീപങ്ങളില്‍ പുലിയുടെ സാന്നിധ്യമുള്ളതായി റേഞ്ച് ഓഫീസര്‍ പറയുന്നു. കന്നിമല, നടയാര്‍, കല്ലാര്‍, രാജമല എന്നിവിടങ്ങളില്‍ പുലിയുടെ സാന്നിധ്യം വനപാലകര്‍ കണ്ടെത്തിയിരുന്നു. വരയാടുകളുടെ കണക്കെടുക്കവെ അഞ്ചിലധികം പുലികളെ വനപാലകര്‍ കണ്ടെത്തുകയും ഇവയുടെ ഡാറ്റകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.