വളര്‍ത്തു നായയെ വീട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് പുലി കൊന്നുതിന്നു

വയനാട്: മേപ്പാടി ചെമ്പോത്തറ ഗ്രാമം പുലി ഭീതിയില്‍. ബുധനാഴ്ച വീട്ടില്‍ കെട്ടിയിട്ട നായയെ വീട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് പുലി കൊന്ന് തിന്നതോടെ ഗ്രാമവാസികള്‍ ഭീതിയിലാണ്. ഇന്നലെ രാവിലെ അഞ്ചരയോടെ ചെമ്പോത്തറ ജുമാ മസ്ജിദിന് സമീപത്തായാണ് പുലിയെ ആദ്യം കണ്ടത്. അഷ്റഫ് എന്നയാളുടെ വളര്‍ത്തുന്ന നായയെയാണ് പുലി കൊന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ പുലി ഓടിമറിയുകയായിരുന്നു. നായയുടെ പകുതി ഭാഗവും ഇതിനകം തന്നെ പുലി അകത്താക്കിയിരുന്നു. 

സാമാന്യം വലിപ്പമുള്ള പുള്ളിപുലിയാണ് നായയെ പിടികൂടിയതെന്ന് അഷ്റഫ് പറഞ്ഞു. ആഴ്ചകളായി പ്രദേശത്ത് വളര്‍ത്തു മൃഗങ്ങളെ കാണാതാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. പുലി ഇറങ്ങിയ വിവരം ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചുവെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. എത്രയും വേഗം പുലിയെ പിടികൂടാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.