' മൃദു ഭാവേ ദൃഢ കൃത്യേ '  എന്നാണ് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലെ ടാഗ് ലൈന്‍. ഇത് അക്ഷരം പ്രതി പാലിക്കാനും പൊലീസ് ശ്രദ്ധിക്കുന്നു.

കാര്യം കേരളാ പൊലീസ് അടുത്ത കാലത്ത് ഏറെ വിമര്‍ശനം ഏറ്റ് വലഞ്ഞിരിക്കുകയാണ്. പല കേസുകളിലും പ്രതിസ്ഥാനത്താണ് ഇന്ന് കേരളാ പോലീസ്. എന്നാല്‍ സ്വന്തം മുഖഛായ മാറ്റാനുള്ള തീവ്രശ്രമം കേരളാ പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നുവെന്നത് ആശ്വാസമാണ്. പക്ഷേ... തെരുവില്‍ തല്ലുന്ന പൊലീസ് സാമൂഹ്യമാധ്യമങ്ങളിലാണ് വ്യത്യസ്ത ഭാവത്തില്‍ എത്തുന്നതെന്ന് മാത്രം. ' മൃദു ഭാവേ ദൃഢ കൃത്യേ ' എന്നാണ് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലെ ടാഗ് ലൈന്‍. ഇത് അക്ഷരം പ്രതി പാലിക്കാനും പൊലീസ് ശ്രദ്ധിക്കുന്നു. 

കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജാണ് താരം. 4,18,646 പേര്‍ ലൈക്ക് ചെയ്തുരിക്കുന്ന ഈ പേജിപ്പോള്‍ കേരളാ പൊലീസിനെക്കാള്‍ വലിയ താരമായി മാറിയിരിക്കുകയാണ്. പേജില്‍ പറയുന്നത് പോലെ ' ക്വക്ക് റസ്പോണ്‍സാ ' ണ് ഇവിടുത്തെ കാര്യങ്ങള്‍ക്ക്. പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയുമായി പത്ത് തവണ കേറി ഇറങ്ങിയാലും നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കേരളാ പൊലീസ് കേസെടുക്കും എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. എന്നാല്‍ കേരളാ പൊലീസിന്‍റെ ഫേസ് ബുക്ക് പേജിലെ കാര്യങ്ങള്‍ അങ്ങനെയല്ല. ശരവേഗമാണ് ഇവിടെ കാര്യങ്ങള്‍ക്ക്.

നിരത്തില്‍ തിരിച്ച് തല്ലാന്‍ കഴിയാത്ത എല്ലാവരും ഇപ്പോള്‍ കേരളാ പൊലീസിന്‍റെ ഫേസ് ബുക്ക് പേജില്‍ കേറി നിരങ്ങുകയാണ്. ട്രോളോട് ട്രോള്‍. ആളുകള്‍ പൊലീസിനെ ട്രോളിയും പോലീസ് ആളുകളേ ട്രോളിയും രസകരമായ മുഹൂര്‍ത്തങ്ങളാണ് പൊലീസിന്‍റെ എഫ്ബി പേജില്‍ കാണാല്‍ സാധിക്കുന്നത്. ഒട്ടും ഗൗരകരമല്ലാതെ വളരെ സൗഹൃദ പരമായും ഇമോജികൾ ഉപയോഗിച്ചുമാണ് ജനങ്ങളുടെ ചോദ്യങ്ങൾക്കായാലും ട്രോളുകൾക്കായാലും പൊലീസ് മറുപടി നൽകുന്നത്. രസകരമായ കമന്‍റും പോസ്റ്റും ഇടുമ്പോഴും ജനങ്ങളെ ബോധവത്കരിക്കാൻ മറക്കുന്നില്ല കേരളാ ​പൊലീസ്.

'ആഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫര്‍' എന്ന പോസ്റ്റിന് ചിത്രങ്ങള്‍ നല്‍കിരിക്കുന്നത് ആഭരണത്തിന്‍റെയും കൈ വിലങ്ങിന്‍റെയും ചിത്രങ്ങളാണ്. താമസിക്കാതെ ട്രാളന്മാർ പോസ്റ്റ് ഏറ്റെടുത്തു. പൊലീസ് പഴയ പൊലീസല്ല ട്രോളിയാൽ തിരിച്ച് ട്രോളുന്ന ഹൈടെക് കേരള പൊലീസ് എന്നാണ് ഒരു സുഹൃത്ത് കമന്‍റിട്ടത്. താമസിക്കാതെ പൊലീസിന്‍റെ ട്രോളുമെത്തി. 'നിക്കറും പോട്ടുക്കിട്ടു.. മീശയും മുറുക്കിക്കിട്ടു.... അന്തമാതിരി നിനച്ചിയാ' എന്ന് പൊലീസിന്‍റെ മറു ട്രോള്‍.

ലോകം മുഴുവൻ ഫുട്ബോൾ ആരവത്തിൽ മുഴുകിയപ്പോൾ ഏത് ടീം ജയിക്കുമെന്നും തോക്കുമെന്നും ജനങ്ങളോടൊപ്പം പ്രവചനം നടത്താനും ബെറ്റ് വെക്കാനും കാക്കിപ്പടയും ഒപ്പം കൂടി. അതോടൊപ്പം റോണാൽഡോ, മെസ്സി തുടങ്ങി പ്രയ താരങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് റോഡ് സുരക്ഷയെ പറ്റി ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു. ജനങ്ങള്‍ ഭയക്കേണ്ടത് പൊലീസിനെയല്ല മറിച്ച് നിയമത്തെയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞത് അക്ഷരം പ്രതി നടപ്പിലാകുകയാണ് കേരള പൊലീസിന്‍റെ എഫ്ബി പേജിലൂടെ. ജനങ്ങൾക്ക് പോലീസിനോടുള്ള പേടി മാറ്റി എടുക്കാനും സൗഹൃദം സൃഷ്ടിക്കാനും ഈ പേജിലൂടെ സാധിക്കുമെന്ന് കേരളാ പൊലീസ് കരുതുന്നു.