ടാങ്കര്‍ ലോറിയില്‍ നിന്നും പെട്രോള്‍ ലീക്ക് ചെയ്തത് പരിഭ്രാന്തി പടര്‍ത്തി

ആലപ്പുഴ: കായംകുളത്ത് പെട്രോളുമായി വന്ന ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ഇരു വാഹനങ്ങളും ഓടിച്ചവര്‍ക്ക് പരിക്കേറ്റു. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പെട്രോള്‍ ലീക്ക് ചെയ്തത് പരിഭ്രാന്തി പടര്‍ത്തി. സംഭവത്തില്‍ ദേശീയ പാതയില്‍ നാല് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും അടിയന്തിര നടപടികള്‍ സ്വീകരിച്ചു.സമീപത്തെ വീടുകളില്‍ നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിച്ചു. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.

ദേശീയ പാതയില്‍ കരീലക്കുളങ്ങര പെട്രോള്‍ പമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ മുതുകുളം വെട്ടത്തുമുക്ക് ചന്ദ്രഭവനില്‍ ഹരി (42),ടാങ്കര്‍ ലോറി ഡ്രൈവര്‍ കൊരട്ടി പാറയില്‍ കടവ് ഷിജു (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹരിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ഷിജുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

എറണാകുളത്തുനിന്നും കൊല്ലത്തേയ്ക്ക് പെട്രോളുമായി പോയ ടാങ്കര്‍ ലോറി എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് റോഡിന്റെ കിഴക്കുവശത്തെ താഴ്ച്ചയിലേക്കു മറിയുകയായിരുന്നു. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിലേക്ക് കായംകുളത്തു നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു ഹരി. ടാങ്കറില്‍ നിന്ന്് പെട്രോള്‍ ചെറിയ തോതില്‍ ചോര്‍ന്നതോടെ പൊലീസും ഫയര്‍ ഫോഴ്‌സും എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 

അപകടം ഉണ്ടാകാതിരിയ്ക്കാന്‍ ഫോമും വെള്ളവും പമ്പുചെയ്തശേഷം മൂന്ന് ക്രയിനുകള്‍ ഉപയോഗിച്ച് വൈകിട്ട് അഞ്ചരയോടെയാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്. വൈകിട്ട് 6.30 വരെ ദേശീയ പാതയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടു. കണ്ടെയ്‌നര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അപകടം നടന്നതിന്റെ രണ്ടു ഭാഗങ്ങളിലുമായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടു. ബസുകളും ലോറികളും മറ്റു വാഹനങ്ങളും കോളേജ് ജംഗ്ഷന്‍, ചേപ്പാട് എന്നിവിടങ്ങള്‍ വഴിതിരിച്ചുവിട്ടു. 

ഇത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. പെട്രോള്‍ പുറത്തേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നതിനാല്‍ സമീപ പ്രദേശങ്ങളിലെ ആറോളം വീടുകളില്‍ നിന്നും ആളുകളെ മാറ്റി. കായംകുളം ഹരിപ്പാട്, എന്‍.ടി.പി.സി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി. എന്‍.ടി.പി.സി ഫയര്‍ സേഫ്റ്റി യൂണിറ്റിലെ ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി.