ഒരാളുടെ നില ഗുരുതരം.
തിരുവനന്തപുരം: അമിതവേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലും മറ്റൊരു ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ വിജിൽ(19), ജിൻസൻ(19) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന രാജു(50) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഉച്ചക്കടയ്ക്ക് സമീപം കിടാരക്കുഴിയിലാണ് അപകടം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലും തുടർന്ന് എതിർദിശയിൽ നിന്ന് വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിൻസൻ റോഡ് വശത്തെ ചെറിയ കുഴിയിലേക്ക് തെറിച്ചു വീണു. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് 108 ആംബുലൻസ് സ്ഥലത്തെത്തി പ്രഥമ ശുസ്രൂഷ നൽകിയെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ വിജിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ജിൻസൻ, രാജു എന്നിവരെ 108ൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ജിൻസൻ വൈകിട്ട് അഞ്ചരയോടെ മരിച്ചു. ഗുരുതര പരിക്കേറ്റ രാജു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു. മേൽനടപടികൾ സ്വീകരിച്ച ശേഷം വിജിലിന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
