നിലത്ത് വീണു കിടന്ന അഫ്‌സലിന്‍റെ കാലില്‍ കൂടി വാഹനം കയറ്റി ഇറക്കി. ഗുരുതരമായി പരിക്കേറ്റ അഫ്‌സലിന്‍റെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. 

മാന്നാര്‍: ബി ബി എ വിദ്യാര്‍ത്ഥിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തടത്തിലാല്‍ കൃഷ്ണനിവാസില്‍ രാഘവന്‍ മകന്‍ രാധാകൃഷ്ണന്‍ (55), മാവേലിക്കര തെക്കേക്കര പള്ളിക്കല്‍ കിഴക്ക് കണ്ടത്തില്‍ സുഭാഷ് ഭവനില്‍ ഗംഗാധരന്‍ പിള്ളയുടെ മകന്‍ സുഭാഷ്‌കുമാര്‍ (35) എന്നിവരെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

മാന്നാര്‍ കുറ്റിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ചിക്കന്‍ സെന്‍റർ ഉടമ കുരട്ടിശേരി ഫാത്തിമാ മന്‍സലില്‍ മുഹമ്മദ് കനിയുടെ മകന്‍ അഫ്‌സലി (23) നെ പിക്കപ് വാന്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റിമുക്ക് ജംഗ്ഷനില്‍ വര്‍ഷങ്ങളായി ചിക്കന്‍ സെന്‍റർ നടത്തിവരുകയായിരുന്നു അഫ്‌സലിന്‍റെ ഉപ്പ മുഹമ്മദ് കനി. കോഴി സപ്ലെയര്‍ ആയ രാധാകൃഷ്ണന് കട ഉടമയായ മുഹമ്മദ് പണം കൊടുക്കാനുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ പണം ചോദിക്കാന്‍ രാധാകൃഷ്ണന്‍ മുഹമ്മദിന്‍റെ കടയില്‍ എത്തുകയും മുഹമ്മദ് ഇല്ലന്നറിഞ്ഞതിനാല്‍ കടയുടെ മുന്‍വശത്തെ തെങ്ങിന്‍ തൊപ്പിനടുത്ത് ഫോണ്‍ ചെയ്യുകയായിരുന്ന അഫ്‌സലിനെ ഡ്രൈവര്‍ ആയ സുഭാഷ് കുമാറിനെ കൊണ്ട് പിക്കപ്പ് വാന്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലത്ത് വീണു കിടന്ന അഫ്‌സലിന്‍റെ കാലില്‍ കൂടി വാഹനം കയറ്റി ഇറക്കി. ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും അഫ്‌സലിന്‍റെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു.