വാഗ്ദാനം പൂര്‍ത്തിയാക്കാതെ കാര്‍ഷിക കോളേജിലേക്ക് വീണ്ടും മന്ത്രിയെത്തുന്നു കാർഷിക കോളേജിലെ അധ്യാപക ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നായിരുന്നു വാഗ്ദാനം

കാസർകോട്: അധ്യാപക ക്ഷാമം പരിഹരിക്കുമെന്ന വാഗ്ദാനം നിറവേറ്റാതെ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വീണ്ടും കാര്‍ഷിക കോളേജില്‍ എത്തുന്നു. ഒരു വര്‍ഷം മുമ്പ് മലബാർ മാമ്പഴ മേളയുമായി ബന്ധപ്പെട്ട് കോളേജിലെത്തിയപ്പോള്‍ പടന്നക്കാട് കാർഷിക കോളേജിലെ അധ്യാപക ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും വാഗ്ദാനം നിറവേറ്റാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. 

വിദ്യാർഥികളുടെ ഭാവിതന്നെ അവതാളത്തിലാക്കി കോളജിൽ 54 തസ്തികകളാണ് അധ്യാപകരില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത്. .21 ഡിപ്പാർട്ട്‌മെന്റുകളിലായി 12 അധ്യാപകർ മാത്രമാണ് കോളേജിൽ നിലവിലുള്ളത്. ഓരോ ഡിപ്പാർട്ട്‌മെന്റുകളിലും ഒരു പ്രൊഫസർ, മൂന്ന് അസോസിയേറ്റ് പ്രൊഫസർമാർ, ആറ് അസിസ്റ്റൻറ് പ്രൊഫസർമാർ വേണ്ടപ്പോള്‍ ഇവിടെ മിക്ക ഡിപ്പാര്‍ട്ട്മെന്റുകളിലും ഒരു അധ്യാപകൻ മാത്രമാണുള്ളത്.

നാല് അധ്യാപകർ ആവശ്യമുള്ള അഗ്രി എക്കണോമിക്‌സിൽ ഒരാൾ പോലും ഇല്ലാത്തതിനാൽ ക്ലാസ് നടക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. 
മാസങ്ങൾക്ക് മുമ്പ് എട്ടുപേരെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് മാറ്റി നിയമിച്ചിരുന്നെങ്കിലും രണ്ടുപേർ മാത്രമാണ് ചുമതലയേറ്റത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസർ, ഒരു അസോസിയേറ്റ് പ്രൊഫസർ, അഞ്ച് പ്രൊഫസർമാർ എന്നിങ്ങനെയായിരുന്നു നിയമനം. 

അഗ്രി എക്സ്റ്റൻഷൻ, അഗ്രികൾച്ചറൽ എക്കണോമിക്‌സ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്കാണ് അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിച്ചത്. എസ്.ഡബ്ല്യു.ഇ. ഡിപ്പാർട്ട്‌മെന്റിലേക്കായിരുന്നു അസോസിയേറ്റ് പ്രൊഫസറുടെ നിയമനം. അഗ്രോണമിയിലേക്ക് രണ്ടും, അഗ്രി എന്റമോളജി, സോയിൽ സയൻസ്, പ്ലാന്റ് ബ്രീഡിങ്ങ് ആൻഡ് ജനറ്റിക്‌സ് എന്നിവിടങ്ങളിലേക്ക് ഓരോ പ്രൊഫസർമാരേയും നിയമിച്ചിരുന്നു. എന്നാൽ അഗ്രി എക്സ്റ്റൻഷനിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറും, അഗ്രി എന്റമോളജിയിൽ ഒരു പ്രൊഫസറും മാത്രമാണ് ചുമതലയേറ്റത്. 

ഒരു സെമസ്റ്റർ കഴിഞ്ഞതോടെ ഇവരും സ്ഥലംമാറ്റം വാങ്ങി പോയി . അതേ സമയം ബിഎസ്‍സി അഗ്രികൾച്ചറിന്റെ വിവിധ ശാഖകളിലായി 54 സീറ്റുകളുണ്ടായത് നൂറായി വർധിപ്പിച്ചു. അധ്യാപകർ ഇല്ലാത്തതിന് പുറമേ സീറ്റുവർധനയ്ക്ക് അനുസരിച്ച് ലാബ് സൗകര്യവും ഇവിടെയില്ല. ഹോസ്റ്റൽ സൗകര്യവും പരിമിതമാണ്.