ആദ്യഘട്ടത്തില്‍ 11 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 17 കോടി രൂപയും മുടക്കിയാണ് പദ്ധതി നടപ്പാക്കുക.

ഇടുക്കി: രാജ്യത്തിനാകെ മാതൃകാപരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പുതിയ ചുവടുവയ്പാണ് വട്ടവട മാതൃകാ വില്ലേജ് പദ്ധതിയെന്ന് നിയമ, പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പിന്നോക്കവിഭാഗക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനുള്ള മോഡല്‍ വില്ലേജ് പദ്ധതിക്ക് വട്ടവടയില്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള മോഡല്‍ വില്ലേജ് പദ്ധതി രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നതെന്നും ഒന്നാം ഘട്ടം സമയബന്ധിതമായി തീര്‍ത്ത് രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

ആദ്യഘട്ടത്തില്‍ 11 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 17 കോടി രൂപയും മുടക്കിയാണ് പദ്ധതി നടപ്പാക്കുക. വ്യക്തിഗത ആനൂകൂല്യങ്ങള്‍ മാത്രം നല്‍കിയാല്‍ പിന്നാക്കക്ഷേമം സാധ്യമാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാന്‍ മികച്ച സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പഠന ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. ഹോസ്റ്റലുകള്‍ നവീകരിച്ചു. ആദിവാസി മേഖലകളില്‍ ഗോത്രഭാഷ അറിയാവുന്ന അധ്യാപകരെ നിയമിച്ചു. വിദേശവിദ്യാഭ്യാസം നല്‍കാന്‍ 700 പിന്നാക്ക വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നതെന്നും ഇതില്‍ 100 പേരെ വിദേശത്തേക്ക് അയച്ചുകഴിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിന്നാക്കക്കാര്‍ക്ക് വിദേശ വിദ്യാഭ്യാസം സ്വപ്‌നം മാത്രമായിരുന്ന അവസ്ഥയ്ക്ക് ഈ സര്‍ക്കാര്‍ അറുതിവരുത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആരും ആശങ്കപ്പെടേണ്ടെന്നും കുടിയേറ്റ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മള്‍ട്ടി അമിനിറ്റി ഹബ്, ഫാമിലി ഹെല്‍ത്ത് സെന്‍റര്‍, കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തെ ഗ്രാന്‍റിസ് മരങ്ങള്‍ പിഴുതുമാറ്റണമെന്നും പുതിയ നടീല്‍ അനുവദിക്കരുതെന്നമാണ് സര്‍ക്കാര്‍ തീരുമാനം. ഇവ നടപ്പാക്കാന്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി, മുന്‍.എം.എല്‍.എ കെ.കെ രാജേന്ദ്രന്‍, ആര്‍ദ്രം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.പി.കെ ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരന്‍, വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
പി.രാമരാജന്‍, സെക്രട്ടറി ആര്‍. നന്ദകുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.