സൗന്ദര്യവല്‍ക്കരണമടക്കമുള്ള ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി

ആലപ്പുഴ: വിനോദസഞ്ചാര കേന്ദ്രമായ താമരക്കുളം വയ്യാങ്കരച്ചിറയില്‍ സന്ദര്‍ശകരുടെ തിരക്കേറി. ഇവിടുത്തെ സൗന്ദര്യവല്‍ക്കരണമടക്കം ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. കൊല്ലം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന താമരക്കുളം ഗ്രാമ പഞ്ചായത്തിലാണ് 100 ഏക്കറിലധികം വിസ്തൃതിയിലുള്ള പ്രകൃതിരമണീയ ജലാശയമായ വയ്യാങ്കച്ചിറ. ദിനംപ്രതി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി പേരാണ് ഇവിടെയെത്തുന്നത്.

ആലപ്പുഴ ജില്ലാ മെഗാ ടൂറിസം പദ്ധതിയില്‍ ഇടംനേടിയ വയ്യാങ്കരച്ചിറയില്‍ 2014ലാണ് ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രവേശന കവാടം, ഇതിന് ഇരുവശത്തുമായി 100 മീറ്റര്‍ നീളത്തില്‍ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പടങ്ങള്‍, ചിറയുടെ ഭംഗി ആസ്വദിക്കും വിധം ചിറയിലേക്ക് 100 മീറ്ററോളം തള്ളിയുള്ള വ്യൂ ബ്രിഡ്ജ്, ബോട്ട് ജട്ടി, ടോയ്‌ലറ്റ് തുടങ്ങിയവയാണ് ഒരു കോടി 62 ലക്ഷം രൂപ ചെലവഴിച്ച് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. 

കുട്ടികള്‍ക്കായി വ്യത്യസ്തങ്ങളായ റൈഡുകള്‍ ഉള്ള പാര്‍ക്ക് സജീവമാണ്. ബോട്ടിംഗ്, ആയുര്‍വ്വേദ ചികിത്സാ സെന്റര്‍, കഫേകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ വിദേശ സഞ്ചാരികളെ ഉള്‍പ്പെടെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ചിറയിലേക്ക് എത്തുന്നതിനുള്ള റോഡിന്റെ നവീകരണ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.