ഇന്ന് ലോക ചിരി ദിനം ചിരിച്ചുല്ലസിച്ച് വിപഞ്ചിക ചിരിക്ലബ്ബ്

ആലപ്പുഴ: ചിരിച്ചുചിരിച്ച് വിപഞ്ചിക ചിരിക്ലബ്ബ് ഇന്ന് ആഘോഷ തിമിർപ്പിൽ. സൗജന്യ ചിരിയോഗ പരിശീലനത്തിലൂടെയും പ്രചരണത്തിലൂടെയും ഒരു വ്യാഴവട്ടക്കാലമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തുറവൂര്‍ പാട്ടുകുളങ്ങര വിപഞ്ചിക ചിരിക്ലബ്ബ്. ബിസിനസ്സ്, ബാങ്കിംഗ്, ഹോസ്പിറ്റല്‍, ഐ റ്റി തുടങ്ങിയ ഇതര തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദിവസത്തിന്റെ മുക്കാല്‍ഭാഗവും ടെന്‍ഷനാണ്. പത്ത് മിനിട്ട് സംസാരിക്കുന്നതിനിടെ പലര്‍ക്കും ചുരുങ്ങിയത് മൂന്ന് ഫോണ്‍ കോളെങ്കിലും അറ്റന്‍ഡ് ചെയ്യേണ്ടി വരുന്നുണ്ട്.

ഈ മാനസിക പിരിമുറുക്കം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് പലതരം രോഗങ്ങളിലാണ്. അമിതമായ രക്തസമ്മര്‍ദ്ദവും അകാല മുടിനരയുമൊക്കെ ടെന്‍ഷനില്‍ നിന്ന് ഉണ്ടാകുന്നതാണ്. അതിന് പരിഹാരമായാണ് ചിരി ക്ളബ്ബ് ആരംഭിച്ചതെന്ന് വിപഞ്ചിക ചിരി യോഗകേന്ദ്രത്തിന്റെ സെക്രട്ടറിയും പരിശീലകനുമായ വിജയ നാഥ് പറഞ്ഞു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ആസ്ത്മയും തലവേദനയും വിഷാദരോഗവും ഉള്‍പ്പെടെ പ്രതിരോധിക്കുവാന്‍ ചിരി ഉത്തമമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്തെ 600 ല്‍പ്പരം കേന്ദ്രങ്ങളില്‍ വിപഞ്ചിക ചിരിയോഗ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിരിയോഗ ക്ലാസ് നടത്തുന്നുണ്ട്. തികച്ചും സൗജന്യമാണ് ചിരിയോഗ ക്ലാസുകള്‍. സമ്പൂര്‍ണ്ണ ആരോഗ്യം കൈവരിക്കുവാന്‍ ദിവസേന 20 മിനിട്ടെങ്കിലും ചിരിക്കണം. നവജാത ശിശു പ്രതിദിനം 400 പ്രാവശ്യമെങ്കിലും ചിരിക്കുന്നതാണ് ശിശുവിന്റെ ഊര്‍ജ്ജസ്വലതയ്ക്ക് പ്രധാന കാരണം. 50 ല്‍ പരം വ്യായാമയങ്ങളാണ് ചിരിയോഗയിലൂടെ വിപഞ്ചികയില്‍ പരിശീലിപ്പിക്കുന്നത്.

ഛായചിരി, സിംഹചിരി, നാണചിരി, പക്ഷിച്ചിരി, മൊബൈല്‍ ഫോണ്‍ ചിരി, ഒരുമീറ്റര്‍ ചിരി, കോക്രി ചിരി, തീവണ്ടി ചിരി എന്നിങ്ങനെ നീളുന്ന ചിരിയിലെ വൈവിധ്യം. വിപഞ്ചികയുടെ ക്ലാസ്സുകളില്‍ ഇവയെല്ലാം പരിശീലിപ്പിക്കുന്നുണ്ട്. വിപഞ്ചിക ചിരിക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ കുത്തിയതോട് പഞ്ചായത്തിനെ ചിരിയോഗ ഗ്രാമമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ചിരിയോഗ ഇതിനകം ചിരിക്ലബ്ബ് ക്ലബ്ബ് രൂപീകരിച്ചു കഴിഞ്ഞു.

കൂടാതെ കോളജുകളിലും സ്‌കൂളുകളിലും വിപഞ്ചികയുടെ നേതൃത്വത്തില്‍ ചിരിക്ലബ്ബുകളുണ്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഇവിടെ ചിരിയോഗ പരിശീലിക്കുന്നുണ്ട്. ലോക ചിരിദിനം പ്രമാണിച്ച് ഇന്ന് ചേര്‍ത്തല ഗീത സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലും തുറവൂര്‍ മരിയപുരം സെന്റ് മോണിക്ക ചര്‍ച്ചിലും ചിരിയോഗ, ചിരിയരങ്ങ്, ഫലിതമത്സരം എന്നിങ്ങനെ നിരവധി പരിപാടികൾ വിപഞ്ചിക ചിരി ക്ളബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.