പലവിധ ആവശ്യങ്ങള്‍ക്കായിജലഗതാഗതത്തെ ആശ്രയിക്കുക മാത്രമാണ് ഇപ്പോള്‍ കുട്ടനാട്ടുകാര്‍ക്ക് മുന്നിലുള്ള ഏകമാര്‍ഗം

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എ സി റോഡ് മുങ്ങി ഗതാഗതം നിശ്ചലമായതോടെ കുട്ടനാട്ടുകാരുടെ പ്രളയ ദുരിതം ഇരട്ടിയായി. പലവിധ ആവശ്യങ്ങള്‍ക്കായിജലഗതാഗതത്തെ ആശ്രയിക്കുക മാത്രമാണ് ഇപ്പോള്‍ കുട്ടനാട്ടുകാര്‍ക്ക് മുന്നിലുള്ള ഏകമാര്‍ഗം. എന്നാല്‍ കാലഹരണപ്പെട്ട ബോട്ടുകളിലുള്ള യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്ക കുട്ടനാട്ടുകാര്‍ക്കുണ്ട്. 

കൈനകരി, കുപ്പപ്പുറം, കാവാലം, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, ആർ ബ്ളോക്ക് എന്നിവിടങ്ങളിൽ ഉള്ളവർക്ക് ആലപ്പുഴയിലേക്കെത്താന്‍ ഇപ്പോള്‍ ആകെയുള്ള ആശ്രയം ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ്. കഴിഞ്ഞ കാലങ്ങളിൽ വെള്ളപൊക്ക സമയത്ത് എ സി റോഡ് മുങ്ങുമ്പോൾ ജലഗതാഗത വകുപ്പ് പ്രത്യേകസർവ്വീസ് നടത്തിയിരുന്നു. എന്നാൽ കോട്ടയം, നെടുമുടി, എടത്വ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമാണ് നാമമാത്ര സർവീസുകൾ ഉള്ളത്.

നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലും തൊഴിലിടങ്ങളിലും പോകുന്നതിനായി 4 ദിവസമായി സർക്കാരിന്റെ ബോട്ടുകളെ ആശ്രയിക്കുന്നത്. എന്നാൽ ആവശ്യത്തിന് ബോട്ടുകൾ ഇല്ലാത്തത് കുട്ടനാട്ടുകാരുടെ പ്രളയ ദുരിതത്തിന് ആക്കം കൂട്ടുകയാണ്. മാത്രമല്ല ജലഗതാഗത വകുപ്പിന്റെ ബോട്ടുകളില്‍ ഏറിയ പങ്കും കാലഹരണപ്പെട്ടതാണെന്ന ആശങ്ക മഴക്കാല ഭീതി കൂട്ടുന്നുണ്ട്. വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ ബോട്ട് സർവീസുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യമാണ് കുട്ടനാട്ടുകാര്‍ മുന്നോട്ട് വക്കുന്നത്.