കുമ്മനം രാജശേഖരനെ ച‍ർച്ച കൂടാതെ ഗവർണ്ണറാക്കിയതിൽ ആർഎസ്എസ്സിന് കടുത്ത അതൃപ്തിയുമുണ്ട്.
തിരുവനന്തപുരം: പ്രസിഡണ്ടിനെ ചൊല്ലി സംസ്ഥാന ബിജെപിയിൽ വലിയ തർക്കം നടക്കുന്നതിനിടെ ദേശീയ അധ്യക്ഷൻ അമിത്ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ലക്ഷ്യമെങ്കിലും സംസ്ഥാന അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകളുമുണ്ടാകും.
ഒരു മാസത്തിലേറെയായി ബിജെപിക്ക് സംസ്ഥാനത്ത് അധ്യക്ഷനില്ല. കെ സുരേന്ദ്രനായി മുരളീധര പക്ഷവും എഎൻ രാധാകൃഷ്ണനായി കൃഷ്ണദാസ് പക്ഷവും വിട്ടുവീഴ്ചയില്ലാത്ത നീക്കങ്ങളിലാണ്. സമവായം കണ്ടെത്താനുള്ള കേന്ദ്ര ശ്രമങ്ങളലെലാം പൊളിഞ്ഞു. ഒപ്പം കുമ്മനം രാജശേഖരനെ ചർച്ച കൂടാതെ ഗവർണ്ണറാക്കിയതിൽ ആർഎസ്എസ്സിന് കടുത്ത അതൃപ്തിയുമുണ്ട്. സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് അമിത്ഷായുടെ വരവ്.
കോർ കമ്മിറ്റി യോഗത്തിലും പാർലമെന്ററി മണ്ഡല ഇൻ ചാർജ്ജുമാരുടെ യോഗത്തിലും ഷാ പങ്കെടുക്കും. പ്രസിഡണ്ടിനെ നിശ്ചയിക്കുന്നതിൽ ഇനിയും വൈകിക്കൂടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര പ്രതിനിധികളെ രണ്ട് തവണ കാണാൻ കൂട്ടാക്കാതിരുന്ന സംസ്ഥാന ആർഎസ്എസ് നേതാക്കളും ഷായുമായി ചർച്ചനടത്തും. പ്രസിഡണ്ടിനെ തീരുമാനിക്കുന്നതിൽ ഷാ- ആർഎസ്എസ് ചർച്ചയും പ്രധാനമാണ്.
