ചെങ്ങന്നൂരില്‍ തമിഴ്നാട്ടുകാരിയായ വൃദ്ധ പൊള്ളലേറ്റ് മരിച്ച നിലയില്‍

ചെങ്ങന്നൂര്‍: തമിഴ്നാട്ടുകാരിയായ വൃദ്ധയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശിയായ പാപ്പാത്തി (78) യുടെ മൃതദേഹമാണ് മുളക്കുഴയിലെ പെട്രോള്‍ പമ്പിനു സമീപമുള്ള ഇരുനില വാടക വീടിന്റെ മുകളിലത്തെ നിലയില്‍ കണ്ടെത്തിയത്. 

ശാരീരികമായി അവശതയിലായിരുന്ന ഇവര്‍ മകള്‍ ജയ, മരുമകന്‍ ധനശേഖരന്‍,ചെറുമകന്‍ സെന്തിലിനോടുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഒന്നര മാസം മുന്‍പാണ് മകള്‍ വൃദ്ധയെ മുളക്കുഴയിലെ വാടക വീട്ടീല്‍ കൊണ്ടുവന്നത്. ഈ മകളെ കൂടാതെ മൂന്ന് ആണ്‍മക്കള്‍ കൂടി ഇവര്‍ക്കുണ്ട്. അവരിലൊരാള്‍ ചെങ്ങന്നൂര്‍ സ്‌നേഹധാരയിലും ഒരാള്‍ പാലക്കാട്ടും, മറ്റൊരാള്‍ നാട്ടിലുമാണ്. മകളും മരുമകനും ചെങ്ങന്നൂരിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയാണ്. ചെറുമകന്‍ സെന്തില്‍ പെട്ടിഓട്ടോ ഡ്രൈവറാണ്. 

മകള്‍ ജയയും, ഭര്‍ത്താവും ശനിയാഴ്ച അവരുടെ മകള്‍ താമസിക്കുന്ന ബംഗളൂരു പോയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെ ചെറുമകന്‍ മുത്തശ്ശിയ്ക്ക് കഴിക്കുവാനുള്ള ഭക്ഷണവും വാങ്ങി നല്‍കിയിട്ടാണ് ജോലിക്ക് പോയത്. 11.30 ഓടെ സെന്തില്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ വൃദ്ധയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴിഞ്ഞ മണ്ണെണ്ണ കന്നാസും ,മൃതശരീരത്തിന് അടുത്തു നിന്നും കിട്ടി.