മല്‍സ്യാസനം

ശരീരത്തിന് മല്‍സ്യത്തിന്റെ ആകൃതി കൈവരുത്തുന്ന ആസനമാണിത്. പത്മാസനത്തിലിരുന്ന് സാവധാനം പുറകോട്ട് ചാഞ്ഞുകിടക്കുക. സാവധാനം കഴുത്ത് പിന്നിലേക്ക് വളച്ച് തല നിലത്ത് തൊടുവിക്കാം. നട്ടെല്ല് പരമാവധി വളച്ച് നെഞ്ച് പരമാവധി ഉയര്‍ത്തുക. ശ്വാസത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചശേഷം പൂര്‍വ്വസ്ഥിതിയിലെത്താം.

തൈറോയ്ഡ്, പിറ്റ്യൂട്ടറി, പീനിയല്‍, അഡ്രിനല്‍ എന്നീ ഗ്രന്ഥികളുടെ ആരോഗ്യകരമായ പ്രവര്‍ത്തനം സാദ്ധ്യമാക്കുന്നു.
 

പശ്ചിമോത്താസനം

കാലുകള്‍ മുന്നോട്ടുനീട്ടി നിവര്‍ന്നിരുന്നശേഷം കൈപ്പത്തികള്‍ തുടയിന്മേല്‍ വയ്‌ക്കുക. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് സാവധാനം ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തുക. അരഭാഗം മുന്നോട്ടുവളച്ച് കൈകള്‍കൊണ്ട് കാലിലെ പെരുവിരല്‍ പിടിക്കുകയും നെറ്റി കാല്‍മുട്ടിന്മേല്‍ സ്‌പര്‍ശിക്കാനും ശ്രമിക്കുക.

പ്രമേഹരോഗികള്‍ ശീലിച്ചിരിക്കേണ്ട ആസനമാണിത്. വൃക്ക, കരള്‍, പാന്‍ക്രിയാസ് എന്നീ ആന്തരികാവയവങ്ങള്‍ക്ക് പ്രയോജനം കിട്ടും.
 

നാഡിശോധന പ്രാണായാമം

ഇ‍ഡ, പിംഗള എന്നീ നാഡികളുടെ സന്തുലനാവസ്ഥ കൈവരിക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നട്ടെല്ല് നിവര്‍ന്നിരുന്ന ശേഷം വലത് കൈ വിഷ്‌ണുമുദ്രയിലും ഇടതു കൈ ചിന്മുദ്രയിലും കൊണ്ടുവരിക. വലതുകൈയിലെ പെരുവിരല്‍ കൊണ്ട് വലതു നാസാദ്വാരം അടച്ച് ഇടതുനാസാദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കാം. ശേഷം ഇടതുനാസാദ്വാരവും മോതിരവിരലാല്‍ അടച്ച് ശ്വാസം ഉള്ളില്‍ നിര്‍ത്തുക. സാവധാനം പെരുവിരല്‍ മാറ്റി വലത് നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തേക്ക് വിടുക. വലത് നാസാദ്വാരത്തിലൂടെ ശ്വാസം എടുത്ത് ഇടത് നാസാദ്വാരത്തിലൂടെ പുറത്തുവിട്ടും ആവര്‍ത്തിക്കുക.

ശ്വസനവ്യവസ്ഥ, മസ്‌തിഷ്‌ക്കം എന്നിവയുടെ പ്രവര്‍ത്തനത്തിന് നല്ലതാണ്. ഉത്‌കണ്ഠ, വിഷാദം എന്നിവയും അകറ്റാം.

പൂര്‍വോത്താസനം

മലര്‍ന്ന് കിടന്ന് ദീര്‍ഘമായി ശ്വസിച്ചുകൊണ്ട് ശരീരഭാരം, കൈകളിലും കാല്‍പ്പാദങ്ങളിലും കേന്ദ്രീകരിച്ച് ശരീരം മെല്ലെ ഉയര്‍ത്തുക. തല പുറകിലേക്ക് തൂക്കിയിടുന്ന നിലയില്‍ ആയിരിക്കണം.

ശരീരത്തിനാകെ പ്രയോജനം സിദ്ധിക്കുന്ന ആസനത്തിലൂടെ വിശേഷിച്ച് കൈത്തണ്ടകളും കാലുകളും ശക്തിപ്പെടുന്നു.
 

സര്‍വാംഗാസനം

ആസനങ്ങളിലെ രാജകുമാരനാണ് സര്‍വാംഗാസനം. ശവാസനത്തില്‍ കിടന്ന ശേഷം കാലുകള്‍ സാവധാനം ഉയര്‍ത്തി കൈകള്‍കൊണ്ട് അരയ്‌ക്കിരുവശവും താങ്ങുക. ശരീരം തോളുകള്‍ക്ക് മേല്‍ വിശ്രമിക്കുന്ന നിലയിലായിരിക്കും.

ആര്‍ത്തവ സംബന്ധമായ വേദനകള്‍, ദഹനപ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് എന്നിവ പരിഹരിക്കാന‍് ഉത്തമം. പ്രത്യൂല്‍പ്പാദന അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അകറ്റാനും വിഷാദരോഗത്തെ അതിജീവിക്കാനും ഈ ആസനം ശീലമാക്കാം.
 

ശശാങ്കാസനം

വജ്രാസനത്തിലിരുന്നശേഷം കാല്‍മുട്ടുകള്‍ അല്‍പ്പം അകറ്റി ശ്വാസമെടുത്ത് ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടു വളഞ്ഞ് കൈതലങ്ങള്‍, കൈമുട്ടുകള്‍, നെറ്റി ഇവ തറയില്‍ സ്‌പര്‍ശിക്കുന്നു. തുടര്‍ന്ന് ശ്വാസോച്ഛാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ദീര്‍ഘമായ ഉച്ഛ്വാസത്തോടെ പൂര്‍വസ്ഥിതിയിലെത്തുക.

മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്തപ്രവാഹം കൂടുന്നു. ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുമെന്നതിനാല്‍ കുട്ടികള്‍ ഈ ആസനം പരിശീലിച്ചിരിക്കണം.
 

ഉഷ്‌ട്രാസനം

വജ്രാസനത്തില്‍ ഇരിക്കുക. തുടര്‍ന്ന് മേല്‍ഭാഗം പിന്നിലേക്ക് വളത്ത് ഉപ്പൂറ്റികളെ പിടിക്കുക. ശ്വാസത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് അല്‍പ്പനേരം ഇങ്ങനെ തുടരാം. ശ്വാസം മെല്ലെ പുറത്തേക്ക് വിട്ട് പൂര്‍വ്വസ്ഥിതിയിലെത്തും.

ശ്വസനവ്യവസ്ഥ, നാഡീവ്യവസ്ഥ എന്നിവയ്‌ക്ക് പ്രയോജനം ലഭിക്കുന്നു. പാന്‍ക്രിയാസ്, വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം സുഗമമാകും.
 

വജ്രാസനം

കാല്‍മുട്ടുകള്‍ മടക്കി നിതംബഭാഗം ഉപ്പൂറ്റികള്‍ക്ക് മേല്‍ വിശ്രമിക്കത്തക്ക വിധം ഇരിക്കുക. കൈപ്പത്തികള്‍ കാല്‍മുട്ടുകള്‍ക്ക് പുറത്ത് കമിഴ്ഞത്തിവച്ച് സാവധാനം ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക.

ഭക്ഷണശേഷം ഈ ആസനം ശീലിക്കുന്നത് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും.
 

വൃക്ഷാസനം

കാലുകള്‍ ചേര്‍ത്തുവച്ച് നിന്നശേഷം വലതുകാല്‍ മടക്കി കാല്‍പ്പാദം ഇടതു തുടയുടെ ആരംഭഭാഗത്ത് ഉറപ്പിക്കാം. ശ്വാസം ഉള്ളിലേക്കെടുത്ത് കൈപ്പത്തികള്‍ മുകളിലേക്കുയര്‍ത്തി ചേര്‍ത്തുവയ്‌ക്കുക. ശ്വാസം സാവധാനം പുറത്തേക്ക് വിട്ട് പൂര്‍വ്വസ്ഥിതിയിലെത്തുക.

ശരീരവും മനസും തമ്മിലുള്ള ബന്ധം ദൃഢീകരിക്കുന്നു. മനസിനെ മനസിനെ ഏകാഗ്രമാക്കാനും ഉത്തമം.

യോഗമുദ്ര

പത്മാസനത്തിലിരുന്ന ശേഷം കൈ പിന്നില്‍ കെട്ടി, മുന്നിലേക്ക് ചരിഞ്ഞ് നെറ്റി തറയില്‍ മുട്ടിക്കുക.

മലബന്ധം, ദഹനക്കുറവ് എന്നിവയ്‌ക്ക് ഉത്തമം. നടുവേദന, നട്ടെല്ലിലെ കശേരുക്കളുടെ പ്രശ്‌നങ്ങള്‍ക്കും നല്ലത്.
 

ബദ്ധ പത്മാസനം

വിടരാത്ത താമര എന്നാണ് ബദ്ധപത്മാസനത്തിന് അര്‍ത്ഥം. പത്മാസനത്തില്‍ ഇരുന്ന് വലതുകൈ പിന്നിലൂടെ കൊണ്ടുവന്ന് വലതുകാലിന്റെ തള്ളവിരലില്‍ പിടിക്കുക. ഇടതുകൈ പിന്നീലൂടെ വലതുകൈയ്‌ക്ക് മുകളിലൂടെ കൊണ്ടുവന്ന് ഇടതുകാലിന്റെ തള്ളവിരലിലും പിടിക്കുക. ശ്വാസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. സാവധാനം കൈകളയച്ച് പൂര്‍വസ്ഥിതിയിലാകാം.

കുടവയര്‍ കുറയ്‌ക്കുന്നതിനൊപ്പം ഏകാഗ്രത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ആസനരീതിയാണിത്.
 

ചക്രാസനം

ഊര്‍ദ്ധധനുരാസനം എന്നും ഇത് അറിയപ്പെടുന്നു. ശവാസനത്തില്‍ കിടന്ന് കാല്‍മുട്ടുകള്‍ മടക്കിയ ശേഷം കൈകള്‍ മടക്കി തോള്‍ഭാഗത്തിന് മുകളിലുള്ള പ്രതലത്തില്‍ വയ്‌ക്കുന്നു. സാവധാനത്തില്‍ ശ്വസിച്ച് നടുവ് വയര്‍, പൃഷ്‌ഠഭാഗം എന്നിവ മേല്‍പ്പോട്ടുയര്‍ത്തുക.

നട്ടെല്ലിന് കൂടുതല്‍ വഴക്കവും ആരോഗ്യവും കിട്ടുന്നു. ഹൃദയസംബന്ധിയായ രോഗങ്ങളെ ഈ ആസനത്തിലൂടെ ചെറുക്കാം. മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്തപ്രവാഹവും കൂടുന്നു.
 

ഗോമുഖാസനം

ഗോമുഖത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ആസനം. കാലുകള്‍ നീട്ടിവച്ച ശേഷം, ഇടതുകാല്‍ വലത് പൃഷ്‌ഠത്തിനടുത്തായി വയ്‌ക്കുക. വലതു കാല്‍ മടക്കി ഇടത് കാല്‍ മുകളിലൂടെ ഇടത് പൃഷ്‌ഠത്തിനടുത്തായും വെയ്‌ക്കുക. പിന്നിലൂടെ ഇരു കൈകളും കോര്‍ത്തുപിടിക്കുക.

വാതസംബന്ധിയായ രോഗങ്ങള്‍, പ്രമേഹം, നടുവേദന, ദഹനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഈ ആസനത്തിലൂടെ പരിഹാരം തേടാം.
 

ധനുരാസനം

വലിച്ചുകെട്ടിയ വില്ലിന്റെ ആകൃതിയിലാണ് ഈ ആസനത്തിനുള്ളത്. കമിഴ്‌ന്നു കിടന്നു ദീര്‍ഘമായി ശ്വസിച്ചുകൊണ്ട് ഇരുകാലുകളും മേല്‍പ്പോട്ടുയര്‍ത്തുക. അതിനുശേഷം കൈപ്പത്തികള്‍ കൊണ്ടു അതാതുവശത്തെ കണങ്കാലില്‍ പിടിക്കുക.

ഈ ആസനം കൊണ്ട് നട്ടെല്ലിന് ഏറെ പ്രയോജനം സിദ്ധിക്കുന്നു. ആന്തരികാവയവങ്ങള്‍, വിശേഷിച്ച് ദഹനേന്ദ്രിയം ഈ ആസനത്തിലൂടെ മസാജ് ചെയ്യപ്പെടുന്നു. ആസ്‌ത്മ രോഗികള്‍ക്ക് ഈ ആസനം ഏറെ ഉത്തമമാണ്.
 

ഹലാസനം

കലപ്പയുടെ ആകൃതിയിലുള്ള ആസനമാണ് ഹലാസനം. ശവാസനത്തില്‍ കിടന്ന് ദീര്‍ഘമായി ശ്വസിച്ച് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ശേഷം കാലുകള്‍ മുഖത്തിന് അഭിമുഖമായി കൊണ്ടുവരിക. ശ്വാസം മെല്ലെ വിട്ട് വീണ്ടും ശവാസനത്തിലെത്താം.

കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലേക്കുള്ള രക്തയോട്ടം ഈ ആസനത്തിലൂടെ കൂടുന്നു. തൈറോയ്ഡ്, പാരാ തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് ഉത്തേജനവും ലഭിക്കും.