ആദ്യമായി ജിമ്മില്‍ പോയപ്പോള്‍ അവിടെ വര്‍ക്കൗട്ട് ചെയ്യുന്നവരെയൊക്കെ കണ്ട് താന്‍ ഞെട്ടിയെന്ന് അര്‍ജുന്‍. എന്നാല്‍ പേടിച്ച് പിന്മാറാന്‍ തയ്യാറല്ലായിരുന്നു. തീരുമാനമെടുത്ത സ്ഥിതിക്ക് അതുമായി മുന്നോട്ടുപോകുക തന്നെ ചെയ്തു 

ആരെയും അതിശയിപ്പിക്കുന്ന കഥയാണ് ഭോപ്പാല്‍ സ്വദേശിയായ അര്‍ജുന്‍ ജെയിനിന് പറയാനുള്ളത്. ഇരുപത്തിരണ്ടുകാരനായ അര്‍ജുന്‍ കേവലം ആറ് മാസം കൊണ്ടാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. 

ശരീരത്തില്‍ അനാവശ്യമായി തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് കാഴ്ചയില്‍ തന്റെ രൂപത്തെ തന്നെ മാറ്റിമറിക്കാന്‍ തുടങ്ങിയപ്പോഴേ അര്‍ജുന്‍ അപകടം മണത്തു. ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തില്‍ താന്‍ മാറിപ്പോകുമോയെന്ന് അര്‍ജുന്‍ പേടിച്ചു. ചുറ്റമുള്ളവരുടെ പരിഹാസങ്ങളും അവഗണനയും കൂടിയായപ്പോള്‍ അര്‍ജുന്‍ തീരുമാനിച്ചു. 

'ഞാന്‍ ഭയങ്കര സൈലന്റായ ഒരാളാണ്. ഉള്‍വലിഞ്ഞ സ്വഭാവക്കാരനാണെന്ന് തന്നെ പറയാം. സ്‌കൂള്‍ കാലഘട്ടമൊക്കെ അങ്ങനെ പോയി. പക്ഷേ കോളേജിലെത്തിയപ്പോള്‍ എനിക്ക് പഴയത് പോലെ തുടരണമെന്ന് തോന്നിയില്ല. സ്വന്തമായി ഒരു ഐഡന്റിറ്റി വേണം. അതിന് ആത്മവിശ്വാസം വേണം. അമിതവണ്ണവുമായി നടക്കുന്നവര്‍ക്ക് സ്വയം ആത്മവിശ്വാസം തോന്നാന്‍ വലിയ പാടാണ്'- അര്‍ജുന്‍ പറയുന്നു. 

ആദ്യമായി ജിമ്മില്‍ പോയപ്പോള്‍ അവിടെ വര്‍ക്കൗട്ട് ചെയ്യുന്നവരെയൊക്കെ കണ്ട് താന്‍ ഞെട്ടിയെന്ന് അര്‍ജുന്‍. എന്നാല്‍ പേടിച്ച് പിന്മാറാന്‍ തയ്യാറല്ലായിരുന്നു. തീരുമാനമെടുത്ത സ്ഥിതിക്ക് അതുമായി മുന്നോട്ടുപോകുക തന്നെ ചെയ്തു. അങ്ങനെ ആറ് മാസം കൊണ്ട് 90 കിലോയില്‍ നിന്ന് 65 കിലോയായി ശരീരഭാരം കുറഞ്ഞു. കൃത്യമായ വര്‍ക്കൗട്ടിനൊപ്പം അതിനെ പിന്താങ്ങുന്ന ഡയറ്റും അര്‍ജുന്‍ സൂക്ഷിച്ചു. 

വര്‍ക്കൗട്ടിനെ കുറിച്ച്...

രാവിലെ മുപ്പത് മിനുറ്റ് വീട്ടില്‍ വച്ച് തന്നെയുള്ള വ്യായാമം. വൈകീട്ട് ജിമ്മിലെത്തി കഠിന പരിശീലനം. ഓരോ ആളുകള്‍ക്കും ഓരോ തരത്തിലുള്ള ശരീരമായിരിക്കുമെന്നും ഇതിന് അനുയോജ്യമായ വര്‍ക്കൗട്ടുകളാണ് തെരഞ്ഞെടുക്കേണ്ടതെന്നും അര്‍ജുന്‍ നിര്‍ദേശിക്കുന്നു. ഒരാള്‍ തെരഞ്ഞെടുക്കുന്നതും, അയാളില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാക്കിയതുമായ വര്‍ക്കൗട്ട് അടുത്തയാള്‍ക്ക് ഫലപ്രദമായിക്കോളണമെന്നില്ലെന്നും ഇതിന് പരിശീലകരുടെ സഹായം തേടാവുന്നതാണെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഡയറ്റിനെ കുറിച്ച്...

മിക്കവാറും പച്ചക്കറികളോ പഴങ്ങളോ ആയിരിക്കും അര്‍ജുന്റെ പ്രഭാതഭക്ഷണം. ഇതിനോടൊപ്പം മുട്ടയുടെ വെള്ളയും കഴിക്കും. ഉച്ചയ്ക്ക് ചപ്പാത്തി, പരിപ്പ്, അല്‍പം ബ്രൗണ്‍ റൈസ്, എന്തെങ്കിലും രണ്ട് തരത്തിലുള്ള പച്ചക്കറികള്‍, സലാഡ് പിന്നെ ഒരു ബൗള്‍ തൈരും. രാത്രിയില്‍ അല്‍പം നോണ്‍-വെജിറ്റേറിയന്‍ കഴിക്കും. ആവശ്യത്തിന് പ്രോട്ടീന്‍ ഉറപ്പുവരുത്താനാണ് ഇത്. ചിക്കന്‍ ബ്രെസ്റ്റ്, മുട്ടയുടെ വെള്ള, സോയ- ഇതെല്ലാമാണ് അത്താഴത്തിനുള്ള ലിസ്റ്റിലുണ്ടാവുക. 

ഇപ്പോള്‍ ആവശ്യത്തിന് ആത്മവിശ്വാസമൊക്കെയായി. ബെഗലൂരുവിലെ കോളേജിലും പുറത്തും അര്‍ജുന്‍ താരമായി. നിരവധി ആളുകള്‍ തന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വണ്ണം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും അര്‍ജുന്‍. ഇനി ഒരു ഫിറ്റ്‌നെസ് പരിശീലകനാകണമെന്നതാണ് ആഗ്രഹമെന്നും അര്‍ജുന്‍ പറഞ്ഞുനിര്‍ത്തുന്നു.