വൈദ്യശാസ്‌ത്രത്തിന് അത്ര പുതുമയുള്ളതല്ലെങ്കിലും ഭ്രൂണ ശീതീകരണം ടിന ഗിബ്സന്‍-ബെഞ്ചമിൻ ഗിബ്സൻ ദമ്പതികള്‍ക്ക് ഏറെ ആശ്വാസകരമായി മാറിയിരിക്കുന്നു. കിഴക്കൻ ടെന്നസെ സ്വദേശികളായ ഗുരുതരമായ വന്ധ്യതപ്രശ്‌നത്തിൽനിന്ന് മോചിതരായത്. പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന ആരോഗ്യപ്രശ്‌നമുള്ളതിനാൽ ബെഞ്ചമിന് ഒരിക്കലും ഒരു അച്ഛനാകാൻ കഴിയില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് സ്വന്തം കുഞ്ഞെന്ന ആഗ്രഹം മാറ്റിവെച്ച് ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ദമ്പതികള്‍. ഇതിനിടയിലാണ് ശീതീകരിച്ച ഭ്രൂണം ദാനം ചെയ്യുന്ന ഏജൻസിയെക്കുറിച്ച് കേട്ടറിഞ്ഞത്. അങ്ങനെയാണ് ടിന ഗിബ്സൻ അവിടെ രജിസ്റ്റര്‍ ചെയ്യുന്നത്. ടിനയ്‌ക്ക് ലഭിച്ചതാകട്ടെ 24 വര്‍ഷം പഴക്കമുള്ള ഭ്രൂണമാണ്. ഇക്കഴിഞ്ഞ നവംബറിലാണ് ടിന ഒരു പെണ്‍കുഞ്ഞിന് ജന്മമേകുന്നത്. അവള്‍ക്ക് എമ്മ ഗിബ്സണ്‍ എന്നു പേരുമിട്ടു. 1992 ഒക്ടോബര്‍ 14ന്, അതായത് ടിന ഗിബ്‌സന് 18 മാസം മാത്രം പ്രായമുള്ളപ്പോള്‍ ശീതീകരിക്കാൻവെച്ച ഭ്രൂണമാണ് ഇപ്പോള്‍ അവള്‍ക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ചത്. ലോകത്തെ ഏറ്റവും കൂടുതൽ കാലം ശീതീകരിച്ച ഭ്രൂണത്തിൽനിന്ന് കുഞ്ഞ് ജനിച്ചതെന്ന റെക്കോര്‍ഡ് ഇതിനായിരിക്കുമെന്ന് എംബ്രിയോളജി ലാബ് ഡയറക്‌ടര്‍ കരോൾ സോമ്മര്‍ഫെൽറ്റ് പറയുന്നു.