രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് നല്ല ശീലമാണോ? ആണെന്ന് ഉറപ്പിച്ചു പറയാനാകില്ല. എന്നാല്‍ വെറുംവയറ്റില്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ശരീരത്തിന് അത്ര നല്ലതല്ലെന്ന കാര്യം അറിയുക. അത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, മോര്, തൈര്, വെണ്ണ-

തൈര്, വെണ്ണ, മോര് തുടങ്ങിയവയൊന്നും രാവിലെ വെറുംവയറ്റില്‍ കഴിക്കരുത്. ഇവ വയറ്റില്‍ എത്തിയാല്‍ ഹൈഡ്രോക്ലോറിസ് ആസിഡായി മാറുകയും, പാലുല്‍പന്നങ്ങളിലുള്ള ലാക്‌ടിക് ആസിഡ് ബാക്‌ടീരിയയെ നശിപ്പിക്കുകയും ചെയ്യും. ഇതുവഴി അസിഡിറ്റി ഉണ്ടാകും. അതുകൊണ്ടുതന്നെ മോര്, തൈര്, വെണ്ണ എന്നിവ വെറുംവയറ്റില്‍ കഴിക്കരുത്.

2, വാഴപ്പഴം-

പൊതുവെ ദഹനത്തിന് നല്ല ഭക്ഷമാണ് വാഴപ്പഴം. എന്നാല്‍ അമിതമായ അളവില്‍ മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള വാഴപ്പഴം വെറുംവയറ്റില്‍ കഴിച്ചാല്‍, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവില്‍ മാറ്റം വരും.

3, തക്കാളി-

വിറ്റാമിന്‍ സി ഉള്‍പ്പടെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് തക്കാളി. എന്നാല്‍ വെറുംവയറ്റില്‍ കഴിച്ചാല്‍, തക്കാളിയിലുള്ള ടാനിക് ആസിഡ് അസിഡിറ്റി ഉണ്ടാക്കും. ഇത് വലിയ ഗ്യാസ്‌ട്രബിളിന് കാരണമായി മാറും.

4, സബര്‍ജന്‍ പഴം-

ക്രൂഡ് നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് സബര്‍ജന്‍ പഴം. എന്നാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍, ആന്തരികാവയവങ്ങളുടെ ആവരണസ്‌തരത്തെ സാരമായി ബാധിക്കും.

5, സിട്രസ് പഴങ്ങള്‍-

ഓറഞ്ച്, നാരങ്ങ, തുടങ്ങിയ സിട്രസ് പഴങ്ങള്‍ വെറുംവയറ്റില്‍ കഴിച്ചാല്‍, വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.