ഗര്‍ഭനിരോധനത്തിനായി ഇന്ന് പല മാര്‍ഗങ്ങളുണ്ട്. ഗര്‍ഭനിരോധന ഉറകള്‍, ഗുളികകള്‍ അങ്ങനെ പലതും. പണ്ടുകാലത്ത് ഗര്‍ഭനിരോധനത്തിനായി എന്തൊക്കെ മാര്‍ഗങ്ങളാണ് സ്വീകരിച്ചിരുന്നതെന്ന് അറിയുമോ? അത് എന്തൊക്കെയാണെന്ന് നോക്കാം...

1, നാരങ്ങ

ശാരീരികബന്ധത്തിന് ശേഷം സ്‌ത്രീകള്‍ നാരങ്ങ മുറിച്ച്, യോനിയുടെ ഉള്ളില്‍ വെയ്‌ക്കുന്ന പതിവ് ഉണ്ടായിരുന്നു. നാരങ്ങാനീരിലെ സിട്രിക് ആസിഡ് ബീജത്തെ നശിപ്പിക്കുമെന്ന ധാരണയിലായിരുന്നു ഇത്.

2, മുതല വിസര്‍ജ്ജ്യവും തേനും

പുരാതന ഈജിപ്‌തില്‍ ഗര്‍ഭം തടയുന്നതിനായി കൗതുകമുണര്‍ത്തുന്ന ഒരു മാര്‍ഗമാണ് സ്വീകരിച്ചിരുന്നത്. മുതലയുടെ വിസര്‍ജ്ജ്യവും തേനും ചേര്‍ത്ത് സ്‌ത്രീകളുടെ യോനിയില്‍ വെക്കുമായിരുന്നു. ഇതും പുരുഷബീജം ഉള്ളില്‍ കടക്കുമെന്ന് തടയുമെന്നായിരുന്നു അവരുടെ വിശ്വാസം. ഇത് ശരിയായ ഫലം നല്‍കിയിരുന്നതായി പുരാതന ഈജിപ്‌ഷ്യന്‍ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.

3, ഒലിവ് എണ്ണ

പണ്ടു കാലങ്ങളില്‍ ഗ്രീസില്‍ ഉപയോഗിച്ചിരുന്ന ഒരു മാര്‍ഗമാണിത്. ഒലിവ് എണ്ണയും ദേവദാരു എണ്ണയും ചേര്‍ത്ത മിശ്രിതം സ്‌ത്രീകള്‍ യോനിയ്‌ക്ക് ഉള്ളില്‍ പുരട്ടുമായിരുന്നു. ഇത് ബീജത്തെ ഫലപ്രദമായി നശിപ്പിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്തിരുന്നത്.

4, ഈയം വെള്ളം

ചൈനയിലെയും ഗ്രീസിലെയും സ്‌ത്രീകള്‍ ഗര്‍ഭനിരോധനത്തിനായി അവലംബിച്ചിരുന്ന ഒരു മാര്‍ഗമായിരുന്നു ഇത്. ഈയം അവശിഷ്‌ടങ്ങള്‍ ഉള്ള വെള്ളം കുടിച്ചാല്‍, ഗര്‍ഭനിരോധനം സാധ്യമാകുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ പലതരം ശാരീരികപ്രശ്‌നങ്ങള്‍ ഉള്ളതിനെത്തുടര്‍ന്ന് പില്‍ക്കാലങ്ങളില്‍ ഈ മാര്‍ഗം ഉപേക്ഷിക്കുകയായിരുന്നു.

5, മെര്‍ക്കുറി വെള്ളം

ഗര്‍ഭനിരോധനത്തിനായി ചൈനയിലെ സ്‌ത്രീകള്‍ മെര്‍ക്കുറി വെള്ളം കുടിച്ചിരുന്നതായി ചില ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് അമിതമായി കുടിക്കുന്നതുവഴി വൃക്കകളും തലച്ചോറും തകരാറിലാകുമെന്ന് പിന്നീട് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഈ മാര്‍ഗവും ആ നാട്ടുകാര്‍ ഉപേക്ഷിച്ചു.

ശ്രദ്ധിക്കുക-

മേല്‍പ്പറഞ്ഞത് വിവിധ രാജ്യക്കാര്‍ പണ്ടുകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന അപരിഷ്‌കൃതമായ ഗര്‍ഭനിരോധനമാര്‍ഗങ്ങളാണ്. ഹാനികരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവയാണ് ആ മാര്‍ഗങ്ങള്‍. അതുകൊണ്ടുതന്നെ ഒരുകാരണവശാലും ആരും അത് പിന്തുടരരുത്.

കടപ്പാട്- ടൈംസ്ഓഫ്ഇന്ത്യ