കൊടുംചൂടില്‍ വലയുകയാണ് ജനം. ഉരുകിയൊലിക്കുന്ന ഈ വേനലില്‍ ഫാനോ എസിയോ കൂളറോ ഇല്ലാതെ വീടിനുള്ളിലോ ഓഫീസിലോ ഇരിക്കാനാകാത്ത അവസ്ഥയാണുള്ളത്. ഇതോടെ നമ്മുടെ നാട്ടിന്‍പുറത്തെ ഇടത്തരക്കാരുടെ വീടുകളില്‍പ്പോലും എയര്‍കണ്ടീഷണറും എയര്‍കൂളറും പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ സര്‍വ്വ സാധാരണമായി മാറുകയാണ്. എന്നാല്‍ എസിയുടെ അമിത ഉപയോഗം ഒരുതരത്തില്‍ പരിസ്ഥിതിക്ക് നല്ലതല്ല എന്ന കാര്യം എത്രപേര്‍ക്ക് അറിയാം. ഇവിടെയിതാ എസിയും കൂളറുമില്ലാതെ ഈ കൊടുചൂടിനെ അതിജീവിക്കാന്‍ ചില വഴികള്‍ പറഞ്ഞുതരാം...

1, ടേബിള്‍ ഫാനും ഐസ് ക്യൂബും-

പഴയ ഒരു രീതിയാണിത്. ടേബിള്‍ ഫാനിന് മുന്നില്‍ ഒരു പാത്രത്തില്‍ നിറയെ ഐസ് ക്യൂബ് കൊണ്ടുവെയ്‌ക്കുക. ഫാന്‍ കറങ്ങുന്നതിനൊപ്പം ഐസ് ക്യൂബ് അലിയുകയും, അതിന്റെ തണുപ്പ് ആ മുറിയിലാകെ വ്യാപിക്കുകയും ചെയ്യും. ഐസ് ക്യൂബ് തീരുന്ന മുറയ്‌ക്ക് വീണ്ടും നിറയ്‌ക്കുക.

2, ഈജിപ്‌ഷ്യന്‍ സ്റ്റൈല്‍-

ടവല്‍ തണുത്തവെള്ളത്തില്‍ മുക്കി പിഴിഞ്ഞെടുത്ത് ചൂടി കിടക്കുക. ചൂടുകാലത്ത് രാത്രിയില്‍ സുഖകരമായി ഉറങ്ങാന്‍ ഇത് സഹായിക്കുമെന്നാണ് ഈ രീതി ആദ്യമായി ഉപയോഗിച്ച ഈജിപ്തുകാര്‍ പറയുന്നത്. ഇപ്പോഴും ചൂടുകാലത്ത്, ഈജി‌പ്‌തിലെ എസിയോ കൂളറോ ഇല്ലാത്ത മിക്ക വീടുകളിലും തണുത്തവെള്ളത്തില്‍ മുക്കിയ ടവല്‍ ചൂടിയാണ് ആളുകള്‍ ഉറങ്ങുന്നത്.

3, ലൈറ്റുകള്‍ ഓഫ് ചെയ്യുക-

രാത്രിയിലും മറ്റും പമാവധി സമയം ലൈറ്റും ട്യൂബുമൊക്കെ ഓഫ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതുവഴി ഒരു പരിധിവരെ ചൂട് കുറയ്‌ക്കാനാകും. ലൈറ്റുകളും ട്യൂബുമൊക്കെ വലിയ അളവില്‍ ചൂട് പുറത്തേക്ക് വിടുന്നുണ്ട്.

4, ജനലിനരികില്‍ ചെടിച്ചട്ടികള്‍-

ജനലിനരികില്‍ മൂന്നോ നാലോ ചെടിച്ചട്ടികള്‍ വെക്കുന്നത് മുറിക്കുള്ളിലെ ചൂട് കുറയ്‌ക്കാന്‍ സഹായിക്കും.

5, ദിവസവും രണ്ടുനേരം തറ തുടയ്‌ക്കുക-

നല്ല തണുത്ത വെള്ളം ഉപയോഗിച്ച് രാവിലെയും രാത്രിയിലും തറ തുടയ്‌ക്കുന്നത് മുറിക്കുള്ളിലെ ചൂട് കുറയ്‌ക്കാന്‍ സഹായിക്കുന്ന കാര്യമാണ്. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് ഇങ്ങനെ ചെയ്‌താല്‍ സുഖകരമായി ഉറങ്ങാനാകും.

6, ചൂടുകാലത്ത് എല്ലാം കോട്ടണ്‍ ആക്കാം-

വേനല്‍ക്കാലത്ത് കോട്ടണ്‍ വസ്‌ത്രം ശീലമാക്കുക. വേനല്‍ക്കാലമാകുമ്പോള്‍, കര്‍ട്ടണ്‍, ബെഡ് ഷീറ്റുകള്‍, പുതപ്പ്, ധരിക്കുന്ന വസ്‌ത്രങ്ങള്‍ എന്നിവയൊക്കെ കോട്ടണ്‍ തുണി ആക്കുക. പോളിസ്റ്റര്‍ തുണികള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. കര്‍ട്ടണ്‍ ആയി വളരെ നേര്‍ത്ത തുണി ഉപയോഗിക്കുന്നതും നല്ലതാണ്. മുറിക്കുള്ളിലേക്കും പുറത്തേക്കുമുള്ള വായുസ‌ഞ്ചാരം എളുപ്പമാക്കാനും അതുവഴി ചൂട് കുറയ്‌ക്കാനും ഇത് സഹായിക്കും.