കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണല്ലോ ഇപ്പോള്‍ നിറഞ്ഞു നില‍്ക്കുന്നത്. ബീഫ് നിരോധിക്കുന്നതിന് മുന്നോടിയായാണ് കശാപ്പ് നിരോധനമെന്നാണ് പൊതുവെ ഉയരുന്ന വാദം. നമ്മുടെ ഭക്ഷണസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ബീഫ് നിരോധനമെന്ന വാദവുമുണ്ട്. എന്നാല്‍ ബീഫ് നിരോധനത്തിന്റെ 7 നല്ല വശങ്ങളെക്കുറിച്ച് പറയുകയാണ് പ്രമുഖ ന്യൂട്രീഷണിസ്റ്റ് അകന്‍ഷ ജലാനി.

1, ബീഫില്‍ ധാരാളം പൂരിതകൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ബീഫ് കഴിക്കുന്നത് ഹൃദ്രോഗം സാധ്യത കൂട്ടും.

2, ബീഫ് സ്ഥിരമായി കഴിക്കുന്നത് കുടലിലെ ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതാണ്. ബീഫില്‍ അടങ്ങിയിട്ടുള്ള Neu5Gc എന്ന ഘടകമാണ് ഇതിന് കാരണം.

3, ബീഫ് കഴിക്കുന്നതുവഴി ആര്‍ട്ടറി ബ്ലോക്ക് കാരണം സംഭവിക്കുന്ന അതിറോസ്‌ക്ലീറോസിസ് എന്ന അസുഖം പിടിപെടാന്‍ സാധ്യത കൂടുതലാണ്.

4, ബീഫ് സ്‌ഥിരമായി കഴിക്കുന്നതുവഴി പൊണ്ണത്തടി, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ ഉണ്ടാകാം.

5, ശരീരഭാരം കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ ബീഫ് കഴിക്കുന്നതോടെ പരാജയപ്പെടും. ബീഫ് പാചകം ചെയ്യാന്‍ കൂടുതല്‍ എണ്ണ ഉപയോഗിക്കേണ്ടിവരുന്നതും ദൂഷ്യഫലം ഉളവാക്കും.

6, മാടുകള്‍ക്ക് വളര്‍ച്ച കൂടാന്‍വേണ്ടി കൂടുതല്‍ ഹോര്‍മോണുകള്‍ ആന്റിബോഡികളും കുത്തിവെക്കാറുണ്ട്. ഇത് ബീഫ് കഴിക്കുന്നതുവഴി ശരീരത്തിലെത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതുകൂടാതെ ഭ്രാന്തിപ്പശു രോഗം ബാധിച്ച മാടുകളുടെ ഇറച്ചി കഴിക്കുന്നവര്‍ക്ക് തലച്ചോറിലെ കോശങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

7, ബീഫ് കഴിക്കുമ്പോള്‍, അയണ്‍ കൂടുതലായി ലഭിക്കും. എന്നാല്‍ ആവശ്യത്തിലധികം അയണ്‍ ശരീരത്തിലും തലച്ചോറിലും എത്തുന്നത് അപകടകരമാണ്. അല്‍ഷിമേഴ്‌സ് പോലെയുള്ള അസുഖങ്ങള്‍ക്ക് ഇത് കാരണമാകും.