വാങ്ങിയിട്ട് അധികനാള്‍ ആകുന്നതിന് മുമ്പ് നോണ്‍-സ്റ്റിക്ക് ചട്ടി കേടായി എന്ന് മിക്കവരും പറയുന്ന ഒരു പരാതിയാണ്. പലപ്പോഴും കൂടുതല്‍ പണം മുടക്കി നല്ല ബ്രാന്‍ഡ് വാങ്ങിയാലും പണി കിട്ടാറുണ്ട്. എന്നാല്‍ അടുക്കളിയില്‍ നോണ്‍-സ്റ്റിക്ക് ചട്ടി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, അത് ദീര്‍ഘകാലം കേടുകൂടാതെ ഉപയോഗിക്കാനാകും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ പങ്കുവെയ്‌ക്കാം...

1, എണ്ണ പുരട്ടാന്‍ മറക്കരുത്-

പേര് നോണ്‍-സ്റ്റിക്ക് എന്നാണെങ്കിലും, ഓരോ തവണ കുക്ക് ചെയ്യുന്നതിന് മുമ്പും എണ്ണ പുരട്ടണം. ഇല്ലെങ്കില്‍ അത് പെട്ടെന്ന് കേടാകും. ഇതിന് അര്‍ത്ഥം കൂടുതല്‍ എണ്ണ ഉപയോഗിക്കണമെന്നല്ല. അങ്ങനെ ചെയ്താല്‍ ചട്ടി വേഗം കേടാകും. കുറച്ചു എണ്ണ പുരട്ടിയാല്‍ മതിയാകും.

2, കുക്കിങ് സ്പ്രേ ഉപയോഗിക്കരുത്-

പാചകം എളുപ്പമാക്കുന്നതിന് ഇന്ന് വിപണിയില്‍ പലതരം കുക്കിങ് സ്‌പ്രേകള്‍ ലഭ്യമാണ്. എന്നാല്‍ ഇത് നോണ്‍-സ്റ്റിക്ക് ചട്ടിയില്‍ ഉപയോഗിച്ചാല്‍ പണികിട്ടും.

3, ലോഹ തവിയും സ്‌പൂണും ഒഴിവാക്കുക-

നോണ്‍-സ്റ്റിക്ക് ചട്ടിയില്‍ കുക്ക് ചെയ്യാന്‍ ഒരുകാരണവശാലും അലൂമിനിയം-സ്റ്റീല്‍ തവികളും സ്‌പൂണും ഉപയോഗിക്കരുത്. തടികൊണ്ടുള്ള സ്‌പൂണും തവിയും ഉപയോഗിക്കുന്നതാണ് നോണ്‍-സ്റ്റിക്ക് ചട്ടികള്‍ കേടാതാകാതിരിക്കാന്‍ ഏറെ ഉത്തമം.

4, വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക-

പാചകത്തിന് ശേഷം നോണ്‍-സ്റ്റിക്ക് ചട്ടി വൃത്തിയാക്കുമ്പോള്‍ കട്ടിയില്ലാത്ത, സ്പോഞ്ച് ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ച് അമര്‍ത്താതെ തേച്ചെടുക്കുക. കഴുകിയ ശേഷം ചെറിയൊരു തുണിയെടുത്ത് എണ്ണയില്‍ മുക്കി ചെറുതായി തുടച്ചെടുക്കുക.

5, തീ കുറച്ചുവെച്ച് പാചകം ചെയ്യുക-

നോണ്‍-സ്റ്റിക് ചട്ടിയില്‍ പാചകം ചെയ്യുമ്പോള്‍ തീ കുറച്ചുവെക്കുകയോ, മീഡിയോ ലെവലില്‍ വെക്കുകയോ ചെയ്യുക. തീ കൂട്ടിവെച്ചാല്‍, നോണ്‍-സ്റ്റിക്ക് ചട്ടിയുടെ പ്രതലത്തിലെ കോട്ടിങിന് കേടുപാട് സംഭവിക്കാം.

6, നോണ്‍-സ്റ്റിക്ക് ചട്ടിയില്‍ ഭക്ഷണം ശേഖരിച്ചുവെക്കണ്ട-

പാകം ചെയ്‌ത ഭക്ഷണം ഉടന്‍ തന്നെ മറ്റു പാത്രങ്ങളിലേക്ക് മാറ്റണം. ഒരു കാരണവശാലും നോണ്‍-സ്റ്റിക്ക് ചട്ടിയില്‍ സൂക്ഷിക്കരുത്. നോണ്‍ - സ്റ്റിക്ക് ചട്ടിയില്‍ ഭക്ഷണം സൂക്ഷിച്ചാല്‍, അത് വളരെ വേഗം കേടാകാന്‍ കാരണമാകും.

7, അസിഡിക് ഭക്ഷണങ്ങള്‍ പാകം ചെയ്യരുത്-

തക്കാളി, നാരങ്ങ എന്നിവ ഒരു കാരണവശാലും നോണ്‍ - സ്റ്റിക് ചട്ടിയില്‍ പാകം ചെയ്യരുത്. ഇങ്ങനെ ചെയ്‌താല്‍, അതിന്റെ നോണ്‍-സ്റ്റിക് പ്രതലം വേഗം നശിക്കാന്‍ കാരണമാകും.