വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. 

സദാ ദു:ഖഭാവം, ഇഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലായ്‌മ, ക്ഷീണം തുടങ്ങിയവയാണ്‌ വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം തന്നെ വിശപ്പില്ലായ്‌മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ തുടങ്ങിയവയും ഉണ്ടാവാറുണ്ട്‌. 

വിഷാദ രോഗത്തിന് പലരും ചികിത്സ തേടാറുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ മനസ്സിനെ പോസിറ്റീവ് ആക്കും. മുന്തിരി കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജേണല്‍ നെച്ചര്‍ കമ്മ്യൂണിക്കേഷന്‍റെ ഓണ്‍ലൈന്‍ സൈറ്റിലാണ് പഠനത്തിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിയിലെ പോളിഫിനോളിന്‍റെ അംശം വിഷാദ രോഗത്തെ തടയുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.