നാല് ദിവസം മുമ്പ് രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ വിമാനറാഞ്ചല്‍ ഭീഷണിക്ക് പിന്നില്‍ ഒരു കാമുകന്റെ നിസ്സഹായവസ്ഥ. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വ്യാജസന്ദേശമയച്ചതിന് പിടിയിലായ ഹൈദരാബാദുകാരന്‍ വംശി ചൗധരി നിരത്തിയ കാരണമറിഞ്ഞ് അമ്പരപ്പിലാണ് പൊലീസ്.

കഴിഞ്ഞ ശനിയാഴ്ച മുംബൈ പൊലീസിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ. മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവങ്ങളില്‍ നിന്ന് വിമാനം റാഞ്ചാന്‍ 23 അംഗ സംഘം പദ്ധതിയിട്ടിരിക്കുന്നു. ആറ് യുവാക്കള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് താന്‍ കേട്ടു. മുംബൈ പൊലീസ് സിഐഎസ്എഫിന് വിവരം കൈമാറി. മൂന്ന് വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ. പരിശോധനകള്‍ കര്‍ശനമാക്കി. സുരക്ഷാ സേന മോക്ഡ്രില്ലടക്കം നടത്തി തയ്യാറായി. വിമാനത്താവളങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. പിന്നെ സന്ദേശം വന്ന വഴിയെക്കുറിച്ച് അന്വേഷണമായി. ഒടുവില്‍ ഹൈദരാബാദില്‍ നിന്ന് ആളെക്കിട്ടി. മുപ്പത്തിയൊന്നുകാരന്‍ വംശി ചൗധരി. എന്തിനാണ് വ്യാജസന്ദേശം അയച്ചതെന്ന് പൊലീസിനോട് ചൗധരി വെളിപ്പെടുത്തി. കഥയിങ്ങനെ...

ചെന്നൈ സ്വദേശിയാണ് ഇദ്ദേഹത്തിന്റെ കാമുകി. ഇരുവരും മുംബൈ, ഗോവ എന്നിവിടങ്ങളിലേക്ക് ഈസ്റ്റര്‍ അവധിക്ക് വിനോദയാത്ര പോകാന്‍ തീരുമാനിച്ചു. എന്നാല്‍ വംശി ചൗധരിക്ക് ആകെ സാമ്പത്തിക പ്രശ്‌നം. യാത്രപോകാന്‍ നിവര്‍ത്തിയില്ല. പണമില്ലെന്ന് കാമുകിയോട് പറയാനും മടി. ഒടുവില്‍ കണ്ടെത്തിയ വഴിയാണ് വ്യാജ വിമാനറാഞ്ചല്‍ സന്ദേശം. തീവ്രവാദഭീഷണിയുണ്ടെന്നും മുംബൈക്കുളള വിമാനങ്ങളെല്ലാം റദ്ദാക്കിയെന്നും കാമുകിയോട് നുണ പറഞ്ഞ് ചൗധരി തന്റെ പ്രശ്‌നം പരിഹരിച്ചു. ഇതിന് മുമ്പ് ചെന്നൈയില്‍ നിന്ന് മുംബൈയിലേക്കുളള വ്യാജ വിമാന ടിക്കറ്റ് കാമുകിക്ക് അയച്ചുകൊടുക്കാനും മറന്നില്ല. തെറ്റായ സന്ദേശമയച്ചതിനും മൂന്ന് കേസുകളാണ് ചൗധരിക്കെതിരെ ഹൈദരാബാദ് പൊലീസ് ചുമത്തിയത്. നേരത്തെ വിവാഹവാഗ്ദാനം നല്‍കി ആന്ധ്ര സ്വദേശിയായ യുവതിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയതിന് ഇയാള്‍ക്കെതിരെ കേസുണ്ടെന്നും പൊലീസ് പറയുന്നു.