ഏലയ്‌ക്കയില്‍ എത്തയോണ്‍ അടക്കം എട്ടിനം കീടനാശിനികളും. വറ്റല്‍ മുളകിലും മുളകു പൊടിയിലും മുളകുപൊടി ചേര്‍ത്ത മസാലക്കൂട്ടുകളിലും എത്തയോണും ക്ലോ‌ര്‍പൈറിഫോസും സൈപര്‍മെത്രിനും അടക്കം മാരക വിഷങ്ങള്‍, ചുക്കിന്റെയും ജീരക പൊടിയുടേയും പരിശോധിച്ച സാമ്പിളില്‍ മുഴുവന്‍ വിഷാംശം. ചുക്കില്‍ മീഥൈയില്‍ പരത്തിയോണ്‍, ജീരകത്തില്‍ പ്രൊഫനോഫോസ്, നിത്യോപയോഗ വസ്തുക്കളായ ചുവന്ന മുളകും മസാലപ്പൊടികളും മുതല്‍ ഉണക്കമുന്തിരിയില്‍ വരെ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്നാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. കണ്ടെത്തിയ മിക്ക കീടനാശിനികളും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ചവയും ഹോര്‍മോണ്‍ തകരാറുമുതല്‍ ക്യാന്‍സറിന് വരെ കാരണമാകുന്നതുമാണെന്ന് വിദഗ്ധര്‍

തിരുവനന്തപുരം, കോട്ടയം ഇടുക്കി മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച 21 ഇനങ്ങളുടെ 67 സാമ്പിളുകളാണ് പരിശോധിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സുഗന്ധ വ്യഞ്ജനങ്ങളിലാണ് അപകടമേറെയെന്നാണ് കണ്ടെത്തല്‍. വിഷാംശം പരമാവധി ഒഴിവാക്കി സുഗന്ധ വ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ച് ആളുകള്‍ക്കിടയില്‍ വിപുലമായ ബോധവത്കരണം വേണം. കീടനാശിനി കമ്പനികളെ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ തന്നെ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും സര്‍വ്വകലാശാല വിദഗ്ധ സംഘം ശുപാര്‍ശ ചെയ്യുന്നു.