പരീക്ഷക്കാലത്ത് കുട്ടികള്‍ പെട്ടെന്ന് സമ്മര്‍ദ്ദത്തിലാകാനും അത് അവരുടെ ആരോഗ്യത്തെ മോശമായി ബാധിക്കാനുമെല്ലാം സാധ്യതകള്‍ വളരെ കൂടുതലാണ്. അമ്മമാര്‍ക്കാണ് ഈ പ്രശ്‌നത്തില്‍ ഫലപ്രദമായ പരിഹാരം കാണാനാവുക. കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയാല്‍ തന്നെ പരീക്ഷക്കാലത്തെ അവരുടെ 'ടെന്‍ഷന്‍' വലിയ രീതിയില്‍ കുറയ്ക്കാനാകും. മാത്രമല്ല, മക്കളെ ഊര്‍ജസ്വലരാക്കി നിര്‍ത്താനും ഇത് സഹായകമാണ്.

അത്തരത്തില്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. 

ഒന്ന്...

കുട്ടികളുടെ ഭക്ഷണക്രമം കൃത്യമാക്കുകയാണ് ആദ്യം വേണ്ടത്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും രാത്രിയുമെല്ലാം കൃത്യമായി ഭക്ഷണം നല്‍കുക. അത് അവര്‍ മടി കൂടാതെ കഴിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. പ്രഭാതഭക്ഷണം ഒഴിവാക്കാന്‍ കുട്ടിയെ അനുവദിക്കരുത്. അങ്ങനെ 'ബ്രേക്ക്ഫാസ്റ്റ്' ഒഴിവാക്കുന്നത് ദിവസം മുഴുവനുമുള്ള ഊര്‍ജസ്വലതയെ ബാധിച്ചേക്കും. മുട്ട, ഫ്രൂട്ട് സ്മൂത്തീസ്, ഓട്ട്‌സ് ഇത്തരത്തിലുള്ള സാധനങ്ങള്‍ രാവിലെ നല്‍കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

രണ്ട്...

ധാരാളം പച്ചക്കറികളും പഴങ്ങളും കുട്ടികളെക്കൊണ്ട് കഴിപ്പിക്കാന്‍ ശ്രദ്ധിക്കണം. പരീക്ഷക്കാലത്ത് മറ്റ് അസുഖങ്ങള്‍ അവരെ അലട്ടാതിരിക്കാന്‍ അവരുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണം നല്‍കാം. അതോടൊപ്പം ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത ഭക്ഷണവും ഉള്‍പ്പെടുത്താം. ഈ രണ്ട് കാര്യങ്ങളും നിര്‍ബന്ധമായും ശ്രദ്ധിക്കണം. ഇതിന് ഏറ്റവും നല്ലത് പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് തന്നെയാണ്. 

മൂന്ന്...

ധാരാളം ഭക്ഷണം, അതുപോലെ തന്നെ കൊഴുപ്പ് വളരെയധികം അടങ്ങിയ ഭക്ഷണം ഇതെല്ലാം പരീക്ഷക്കാലത്ത് ഒഴിവാക്കാവുന്നതാണ്. രണ്ടും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഒരുപാട് എണ്ണമയമുള്ള ഭക്ഷണം, കൊഴുപ്പ് വലിയ തോതില്‍ അടങ്ങിയ മാംസാഹാരം, പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം കുട്ടിയെ ആലസ്യത്തിലാക്കാനും, ചിന്തകള്‍ മന്ദഗതിയിലാക്കാനും വഴിയൊരുക്കുന്നു. 

നാല്...

ഇടയ്ക്ക് ബേക്കറിയോ, എണ്ണയില്‍ പൊരിച്ച സ്‌നാക്ക്‌സോ നല്‍കുന്നതിന് പകരം പഴങ്ങള്‍ മുറിച്ചതോ, ഡ്രൈ ഫ്രൂട്ട്‌സോ, നട്ട്‌സോ ഒക്കെ നല്‍കാം. വാള്‍നട്ട് ആണ് ഈ ലിസ്റ്റില്‍ തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഭക്ഷണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. അതുപോലെ മുട്ട വാട്ടിയോ പുഴുങ്ങിയോ നല്‍കാം. അല്‍പം ചീസും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

പഠനത്തിനിടയില്‍ വിരസതയനുഭവപ്പെടുമ്പോള്‍ കുട്ടികള്‍ക്ക് കാപ്പിയിട്ട് നല്‍കാമെന്ന് കരുതിയെങ്കില്‍ തെറ്റി. കാപ്പി ഉണര്‍വ്വല്ല, പകരം മയക്കമാണ് നല്‍കുക. കാരണം ഇടയ്ക്കിടെ കാപ്പി കുടിക്കുന്നത് നിര്‍ജലീകരണത്തിന് ഇടയാക്കും. നിര്‍ജലീകരണം സംഭവിക്കുന്നതോടെ കുട്ടികള്‍ എളുപ്പത്തില്‍ ക്ഷീണിക്കുന്നു.