ഹോട്ടലുകളിലും, കഫേകളിലും, മറ്റ് പൊതുസ്ഥലങ്ങളിലും ഭര്‍ത്താവിനോ ഏറ്റവുമടുത്ത പുരുഷനോ ഒപ്പം മാത്രം സ്ത്രീകള്‍ ഭക്ഷണം കഴിച്ചാല്‍ മതിയെന്നാണ് നിയമം. ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ പോലും ഇനി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. 

ജക്കാര്‍ത്ത: പൊതുവിടങ്ങളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനെതിരെ നിയമവുമായി ഇന്തൊനീഷ്യന്‍ ജില്ല. മുസ്ലീം നിയമങ്ങള്‍ പിന്തുടരുന്ന അസേ പ്രവിശ്യയിലെ ബൈറിയണിലാണ് പുതിയ നിയമം വന്നിരിക്കുന്നത്. 

ഹോട്ടലുകളിലും, കഫേകളിലും, മറ്റ് പൊതുസ്ഥലങ്ങളിലും ഭര്‍ത്താവിനോ ഏറ്റവുമടുത്ത പുരുഷനോ ഒപ്പം മാത്രം സ്ത്രീകള്‍ ഭക്ഷണം കഴിച്ചാല്‍ മതിയെന്നാണ് നിയമം. ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ പോലും ഇനി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. 

സ്ത്രീകള്‍ക്ക് വേണ്ടിയാണ് പുതിയ നിയമമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 'സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനുമാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ശരിയത്ത് നിയമങ്ങള്‍ ഭേദിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം കൂടിയാണിത്.'- പ്രാദേശിക ശരിയത്ത് ഏജന്‍സി അധ്യക്ഷന്‍ പറഞ്ഞു. 

രാത്രി ഒമ്പത് മണിക്ക് ശേഷം ഒറ്റയ്ക്ക് കഴിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കൊടുക്കരുതെന്നും ഈ നിയമം അനുശാസിക്കുന്നു. 

മൂന്ന് വര്‍ഷം മുമ്പ് അസേയുടെ തലസ്ഥാനമായ ബാന്ദ അസേയില്‍ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ഒന്നും ഒപ്പമില്ലാത്ത സ്ത്രീകളെ വിനോദ പരിപാടികള്‍ നടത്തുന്ന സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന നിയമവും നിലവില്‍ വന്നിരുന്നു. 

അസേയില്‍ നേരത്തേ ഏര്‍പ്പെടുത്തിയ പല നിയമപരമായ നിയന്ത്രണങ്ങളും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മദ്യപിക്കുകയോ ചൂത് കളിക്കുകയോ സ്വവര്‍ഗരതിയിലേര്‍പ്പെടുകയോ ചെയ്താല്‍ പരസ്യമായി ചാട്ടവാറുകൊണ്ട് അടിക്കുന്ന ഇവിടുത്തെ പ്രാകൃതമായ ശിക്ഷയാണ് ഇതില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിരുന്നത്.