Asianet News MalayalamAsianet News Malayalam

പല്ല് തേക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍ മാത്രം തിരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കുക, കാന്‍സര്‍ നിങ്ങളെ തേടിയെത്താം

പല്ല് തേക്കാനായി പ്രമുഖ ബ്രാന്‍ഡ് പേസ്റ്റ് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നവര്‍ ശ്രദ്ധിക്കുക. നിത്യവും പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു

An ingredient found in tooth paste can cause cancer says research
Author
Delhi, First Published Nov 24, 2018, 1:15 PM IST

ദില്ലി:  പല്ല് തേക്കാനായി പ്രമുഖ ബ്രാന്‍ഡ് പേസ്റ്റ് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നവര്‍ ശ്രദ്ധിക്കുക. നിത്യവും പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പല്ലു തേക്കുന്നത് ആരോഗ്യകരമാണെങ്കിലും പല്ലു തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് തിരഞ്ഞെടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന സൂചനയാണ് പഠനം നല്‍കുന്നത്. പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ എന്ന രാസപദാര്‍ത്ഥമാണ് പേസ്റ്റിലെ വില്ലന്‍. ബാക്ടീരിയയുടെ  പ്രവര്‍ത്തനം മരവിപ്പിക്കുന്നതിനായി ശുചീകരണ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ട്രൈക്ലോസാന്‍. 

ശുചീകരണ പ്രവര്‍ത്തനത്തിനായുള്ള രണ്ടായിരത്തിലേറെ ഉല്‍പ്പന്നങ്ങളിലെ പ്രധാനഘടകം കൂടിയാണ് ട്രൈക്ലോസാന്‍. ലോകത്തെമ്പാടുമുള്ള പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും ഈ രാസപദാര്‍ത്ഥം വ്യാപകമായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. കെമിക്കല്‍ റിസര്‍ച്ച് ഇന്‍ ടോക്സിക്കോളജി ജേര്‍ണലിലാണ് പഠനം പ്രസിദ്ധികരിച്ചിക്കുന്നത്. മനുഷ്യ ശരീരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ട്രൈക്ലോസാന് സാധിക്കുന്നെന്നാണ് പഠനം വിശദമാക്കുന്നത്. മസാച്യുസെറ്റ്സ് സര്‍വ്വകലാശാല നേരത്തെ നടത്തിയ പഠനങ്ങളില്‍ വളരെ കുറഞ്ഞ നേരത്തേയ്ക്ക് ശരീരവുമായി സമ്പര്‍ക്കമുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തല്‍. 

മോണയുടെ ആരോഗ്യത്തേയും ട്രൈക്ലോസാന്‍ ബാധിക്കുന്നുവെന്നും പഠനം വിശദമാക്കുന്നു. പഠനങ്ങള്‍ക്ക് വിധേയരായവരില്‍ 75 ശതമാനം പേരുടേയും മൂത്രത്തില്‍ ട്രൈക്ലോസാന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നു. തൊലിപ്പുറത്തൂടെ ശശീരത്തിലേക്ക് കടക്കാന്‍ ഈ രാസപദാര്‍ത്ഥത്തിന് സാധിക്കുമെന്നതിന്റെ സൂചനയാണ് ഇതെന്നും പഠനം വിശദമാക്കുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനും ട്രൈക്ലോസാന് സാധിക്കുമെന്നാണ് കണ്ടെത്തലുകള്‍. വിവിധ രാജ്യങ്ങളില്‍ മനുഷ്യ ശരീരവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന  ഉല്‍പ്പന്നങ്ങളില്‍ ഈ രാസപദാര്‍ത്ഥം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. 

Follow Us:
Download App:
  • android
  • ios