ചെന്നൈ: യുവതി അക്രമസക്തയായതിനെ തുടര്‍ന്ന് ബാലി ദോഹ വിമാനം ചെന്നൈയില്‍ ഇറക്കി. ഞായറാഴ്ച രാവിലെയാണ് ഖത്തറിലെ ദോഹയില്‍ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് വിമാനം പുറപ്പെട്ടത്. തുടര്‍ന്നാണ് അവിചാരിതമായ സംഭവങ്ങളുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വിമനത്തിലുണ്ടായ ഇറാനിയന്‍ ദമ്പതികള്‍ക്കിടയിലാണ് പ്രശ്നം ഉണ്ടായത്. യാത്രയ്ക്കിടയില്‍ ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഭാര്യ അയാളുടെ വിരലടയാളം ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ സ്മാര്‍ട്ട്ഫോണ്‍ തുറന്നു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ച ഭാര്യ കണ്ടെത്തിയത് ഭര്‍ത്താവിന്‍റെ അവിഹിത ബന്ധങ്ങളുടെ പരമ്പരയായിരുന്നു.

ഇതോടെ ഭര്‍ത്താവിനെ ഉണര്‍ത്തി യുവതി ഭര്‍ത്താവിനെ ശകാരിക്കാനും കൈയ്യേറ്റം ചെയ്യാനും തുടങ്ങി. സംഭവത്തില്‍ ഇടപെട്ട സഹയാത്രികരോടും യുവതി പൊട്ടിത്തെറിച്ചു. ഏയര്‍ഹോസ്റ്റസുമാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും രോഷപ്രകടനം അടക്കാന്‍ യുവതി തയ്യാറായില്ല. 

തുടര്‍ന്ന് ഗത്യന്തരമില്ലാതെ പൈലറ്റ് വിമാനം ചെന്നൈ വിമാനതാവളത്തില്‍ അടിയന്തരമായി ഇറക്കി. ഭാര്യയേയും ഭര്‍ത്താവിനെയും കുട്ടിയേയും ഇറക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ബാലിയിലേക്ക് പുറപ്പെട്ടു. സുരക്ഷ പ്രശ്നം ഉള്ളതിനാലും,യുവതിയുടെ മാനസിക നില പരിഗണിച്ചും ഇവരെ ചെന്നൈ വിമാനതാവളത്തില്‍ തങ്ങാന്‍ അധികൃതര്‍ അനുവദിച്ചു.

പിന്നീട് ഭാര്യയും കുട്ടിയും ക്വാലാലംപൂര്‍ വിമനത്തില്‍ കയറി അവിടുന്ന് ഖത്തര്‍ വിമാനത്തില്‍ തിരിച്ചുപോയി എന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് ബാലിയിലേക്ക് തന്നെ തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.