ബോളിവുഡിന്‍റെ ശക്തനായ നായകന്‍, അനില്‍ കപൂറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവാം നല്ലത്.

'ബോളിവുഡിന്‍റെ ശക്തനായ നായകന്‍', അനില്‍ കപൂറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവാം നല്ലത്. 62 വയസ്സുളള അദ്ദേഹം ബോളിവുഡിലെ മറ്റ് ചെറുപ്പക്കാരെ പോലെ തന്നെ സുന്ദരനും ആരോഗ്യവാനുമാണ്. എന്നാല്‍ അടുത്തിടെ തനിക്ക് തോളില്‍ കാല്‍സിഫിക്കേഷന്‍ എന്ന രോഗമുണ്ടെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറയുകയുണ്ടായി. 

എന്താണ് തോളിലെ കാല്‍സിഫിക്കേഷന്‍?

ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കാല്‍സിഫിക്കേഷന്‍. തോളിന്‍റെ ഭാഗത്തായി കാല്‍സ്യം അടിഞ്ഞുകൂടുന്നതാണ് ഈ രോഗം. തുടര്‍ന്ന് അതികഠിനമായ തോള്‍‌ വേദനയുണ്ടാകും. രോഗ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടുതലും 40 വയസ്സ് കഴിഞ്ഞവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 

ലക്ഷണങ്ങള്‍ 

തോളിലുണ്ടാകുന്ന അതികഠിനമായ വേദന തന്നെയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം. ഭാരമുളള വസ്തുക്കള്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാണ്. ഉറക്കത്തെ പോലും നഷ്ടപ്പെടുത്തുന്നതാണ് ഈ വേദന. 

ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണാന്‍ ഒട്ടും വൈകരുത്. ഒരു എക്സ്റേ എടുക്കുന്നതിലൂടെ തന്നെ രോഗം കണ്ടെത്താന്‍ കഴിയും. ആരംഭഘട്ടത്തില്‍ മരുന്നുകള്‍ കഴിക്കാം. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചാൽ ചിലപ്പോള്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും.