രക്തക്കുഴലുകള്‍ വഴി രോഗാതുരമായ ശരീരഭാഗങ്ങളിലെത്തി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം മൈക്രോ റോബോട്ടുകളുടെ ഗണത്തില്‍പെട്ട 'ഉറുമ്പ് റോബോട്ടു'കള്‍ ചെയ്യുന്നത്. 

ജനീവ: മനുഷ്യ ശരീരത്തിന്‍റെ അകത്തുകയറി ചികിത്സിക്കുന്ന 'ഉറുമ്പ് റോബോട്ട്' വരുന്നു. രക്തക്കുഴലുകള്‍ വഴി രോഗാതുരമായ ശരീരഭാഗങ്ങളിലെത്തി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം മൈക്രോ റോബോട്ടുകളുടെ ഗണത്തില്‍പെട്ട 'ഉറുമ്പ് റോബോട്ടു'കള്‍ ചെയ്യുന്നത്. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ചികിത്സാരംഗത്തെ ഈ പുത്തന്‍ കണ്ടുപിടിത്തത്തിന് പുറകില്‍. 

രോഗത്തിന്‍റെ സ്വഭാവമനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവശ്യമായ മാറ്റങ്ങളോടെ നിര്‍മിക്കുന്ന റോബോട്ടുകളിലൂടെ കൃത്യമായ അളവില്‍ മരുന്നുകള്‍ ആവശ്യമുളളിടത്ത് മാത്രം എത്തിച്ച് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകള്‍, മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സ നല്‍കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ഇ.ടി.എച്ച് സൂറിക്കിലെ ഗവേഷകനായ ബ്രാഡ്ലി നെല്‍സണ്‍ പറഞ്ഞു. 

ഈ മാര്‍ഗത്തിലൂടെ കൂടുതല്‍ ഫലപ്രദമായ ചികിത്സ നല്‍കാനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ചികിത്സാരംഗത്തെ ചിലവും കാലയളവും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും സ്വീസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലുസാന്നെയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.