മീനങ്ങാടി സ്വദേശി ജോയലാണ് മുകളില്‍ കാണുന്ന ചിത്രത്തില്‍. കൈകള്‍ക്കും കാലുകള്‍ക്കും തീരെ ചലനശേഷിയില്ല. എങ്കിലും മനസ്സിലെ നിറക്കൂട്ടുകള്‍ എവിടെയെങ്കിലും പകര്‍ത്താന്‍ അവനാകും. കാരണം ഭിന്നശേഷിക്കാരന്‍ എന്ന പദത്തെ ജോയലിന് അന്വര്‍ത്ഥമാക്കണം. ഭിന്നശേഷിയെന്നാല്‍ വ്യത്യസ്തമായ കഴിവോടുകൂടിയ ഒരാളെന്നര്‍ത്ഥം. അതെ, ശരീരത്തിന്റെ എല്ലാ ചലനങ്ങളിലും സ്വതന്ത്രമായിരിക്കുന്ന നമ്മളെക്കാള്‍ കഴിവുണ്ട് ഇവര്‍ക്ക്. 

വായ കൊണ്ട് ബ്രഷ് കടിച്ചുപിടിച്ചാണ് ജോയല്‍ വരയ്ക്കുന്നത്. ഇത് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ, ആയാസമുള്ള ഒന്നായിത്തോന്നിയേക്കില്ല, എന്നാല്‍ അത്ര എളുപ്പമല്ല ഇങ്ങനെ വരയ്ക്കല്‍. പ്രത്യേക പരിശീലനം തന്നെയാണ് ജോയലിനെ പൂര്‍ണ്ണമായി ഇതിന് പ്രാപ്തനാക്കുന്നത്. 

കോഴിക്കോട്ട് ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തിന് പോയാല്‍ ജോയലിനെപ്പോലെ ഭിന്നശേഷിക്കാരായ ഒരു കൂട്ടം ചിത്രകലാകാരെ കാണാം. ഇവരെപ്പോലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുകയാണ് 'സ്വപ്‌നചിത്ര'. നാളെയൊരു ദിവസം കൂടിയേ ഇവര്‍ ഇവിടെ കാണുകയുള്ളൂ. 

14 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നും പ്രതീക്ഷിക്കാതെ ഇതിന് വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനും ഒരു സംഘമുണ്ട്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം അതത് കലാകാരന്മാര്‍ക്ക് തന്നെ നല്‍കും. സാമ്പത്തികമായ ഘടകമല്ല, ഇനിയും ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള പ്രചോദനമാണ് പ്രധാനമായും ഇവര്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ലക്ഷ്യമിടുന്നത്.