കൊച്ചി: ഏഷ്യയിലെ ആദ്യ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൊച്ചിയിൽ നടന്നു. അപകടത്തിൽ പെട്ട് കൈ മുറിച്ചുമാറ്റേണ്ടി വന്ന പൂനെ സ്വദേശിയായ ശ്രേയയ്ക്കാണ് മുട്ടിന് മുകൾഭാഗം മുതൽ താഴോട്ട് പുതിയ കൈ വച്ചുപിടിപ്പിച്ചത്. വാഹനാപകടത്തിൽ മരിച്ച കൊച്ചി സ്വദേശിയായ സച്ചിന്റെ കൈകൾ ഇനി ശ്രേയയ്ക്ക് താങ്ങാകും.

കൈപത്തിയും കൈമുട്ടിന് താഴെയുള്ള ഭാഗവും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നേരത്തെ കൊച്ചിയിൽ നടന്നിട്ടുണ്ടെങ്കിലും കൈമുട്ടിന് മുകൾഭാഗം മുതൽ കൈപ്പത്തിയടക്കമുള്ള ഭാഗം പൂർണമായും മാറ്റിവയ്ക്കുന്നത് ഏഷ്യയിൽ തന്നെ ആദ്യമാണ്. ഒരു പെൺകുട്ടിക്ക് ആൺകുട്ടിയുടെ കൈ വച്ചുപിടിപ്പിച്ചു എന്ന അപൂർവതയുമുണ്ട് ഈ ശസ്ത്രക്രിയയിൽ. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം രാജഗിരി കോളേജ് വിദ്യാർത്ഥി സച്ചിന്റെ കൈകളാണ് മാതാപിതാക്കൾ പൂനെ സ്വദേശി ശ്രേയക്ക് ദാനം ചെയ്തത്. വാഹനാപകടത്തിൽ പെട്ടാണ് 19കാരിയായ ശ്രേയക്ക് കൈകൾ നഷ്ടമായത്. കൃത്രിമ കൈകൾ ഘടിപ്പിച്ചെങ്കിലും ദൈനംദിനകാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടി. ഒടുവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കൈ മാറ്റിവച്ചതോടെ പുതുജീവിതത്തിലേക്ക് കടക്കുകയാണ് ശ്രേയ.

13 മണിക്കൂർ നീണ്ട ശ്രമകരമായ ശസ്ത്രക്രിയയിൽ 20 സർജന്മാരാണ് പങ്കെടുത്തത്. ശ്രേയയുടെ ശരീരം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഫിസിയോതെറാപ്പിയിലൂടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാനാകുമെന്നും ഡോക്ടർമാർ പറഞ്ഞു.