അവള്‍ ജനിച്ചിട്ട് പത്തുമാസം പിന്നിട്ടിരുന്നു. വൈദ്യശാസ്‌ത്രത്തെ വിസ്‌മയിപ്പിച്ച് നാലു കാലുകളുമായാണ് അവള്‍ ജനിച്ചത്. എന്നാല്‍ അതി സങ്കീര്‍ണമായ ശസ്‌ത്രക്രിയയിലൂടെ രണ്ടു കാലുകള്‍ നീക്കി ഡോക്‌ടര്‍മാര്‍ അവളെ സാധാരണ നിലയിലേക്ക് എത്തിച്ചു. ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ ജനിച്ച ഡൊമിനിക് എന്ന കുട്ടിക്കാണ് നാലു കാലുകള്‍ ഉണ്ടായിരുന്നത്. ഈ കുട്ടിയെ വിദഗ്ദ്ധ ശസ്‌ത്രക്രിയയ്‌ക്കായി അമേരിക്കയിലെ ഷിക്കാഗോയിലേക്ക് കൊണ്ടുവന്നു. ഷിക്കാഗോയിലെ അഡ്വക്കേറ്റ്‌സ് ചൈല്‍ഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെവെച്ചാണ് അതി സങ്കീര്‍ണമായ ശസ്‌ത്രക്രിയയിലൂടെ ഡോക്‌ടര്‍മാര്‍ അവളെ സാധാരണ നിലയിലേക്ക് എത്തിച്ചത്. അഞ്ചു ഡോക്‌ടര്‍മാര്‍ ചേര്‍ന്നാണ് ഏറെ ദുഷ്‌ക്കരമായ ഈ ശസ്‌ത്രക്രിയ നടത്തിയത്. ഡൊമിനിക്കിന്റെ ശരീരത്തില്‍ അധികമായി വന്ന കാലുകള്‍ കഴുത്തിന് പിന്നിലായാണ് കാണപ്പെട്ടത്. അതും സ്‌പൈനല്‍ കോഡ് ഉള്‍പ്പെടുന്ന ഭാഗത്താണ് കാല്‍ കാണപ്പെട്ടത്. ഇതുതന്നെയാണ് ഈ ശസ്‌ത്രക്രിയയെ അതീവ സങ്കീര്‍ണാക്കിയത്.

ശസ്‌ത്രക്രിയയില്‍ ഉണ്ടാകുന്ന ചെറിയൊരു പിഴവ് പോലും കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമായിരുന്നു. എന്നാല്‍ വിജയകരമായി തന്നെ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് സാധിച്ചു. സ്‌പൈനല്‍ കോഡ് ഭാഗത്ത് കാല്‍ മുളച്ചശേഷം അത് നീക്കം ചെയ്യുന്ന തരത്തിലുള്ള ലോകത്തെ തന്നെ ആദ്യ ശസ്‌ത്രക്രിയയാണിതെന്നാണ് ഡോക്‌ടര്‍മാര്‍ അവകാശപ്പെടുന്നത്. ഈ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കുട്ടി പൂര്‍ണമായും തളര്‍ന്നുപോകുന്നതിനുള്ള സാധ്യതകള്‍ ഡോക്‌ടര്‍മാര്‍, രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചതോടെയാണ് ശസ്‌ത്രക്രിയ നടത്തിയത്. ഏതായാലും ഡൊമിനക് ഇന്ന് ഏറെ സന്തോഷവതിയാണ്. ഏറെക്കാലതത്തെ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിയായി. ഇപ്പോള്‍ അവള്‍ കളിക്കുകയും ചിരിക്കുകയും ചെയ്യുന്നു...