നടുവേദന വരാൻ പലതാണ് കാരണങ്ങൾ. പലരും നടുവേദനയെ നിസാരമായി കാണാറാണ് പതിവ്. ഡിസ്‌കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികൾക്കുണ്ടാകുന്ന ഉളുക്കുകൾ, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന പ്രധാന ഘടകങ്ങൾ.
നടുവേദന വരാത്തവരായി ആരും കാണില്ല. നടുവേദന വരാൻ പലതാണ് കാരണങ്ങൾ. പലരും നടുവേദനയെ നിസാരമായി കാണാറാണ് പതിവ്. നടുവേദന രൂക്ഷമാകുമ്പോഴാണ് പിന്നെ ഡോക്ടറിനെ പോയി കാണുന്നതും. ഡിസ്‌കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികൾക്കുണ്ടാകുന്ന ഉളുക്കുകൾ, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന പ്രധാന ഘടകങ്ങൾ.
നട്ടെല്ലിനേൽക്കുന്ന പരിക്കുകൾ, കഠിനമായ ആയാസമുള്ള ജോലികൾ, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്‌കുകൾ, കിടപ്പ് തുടങ്ങിയ ശാരീരിക നിലകളിലെ പ്രശ്നങ്ങൾ, അസ്ഥിക്ഷയം, നട്ടെല്ലിന്റെ സ്വാഭാവിക വളവുകളിലുണ്ടാകുന്ന മാറ്റങ്ങൾ, അമിതവണ്ണം ,മാനസിക പിരിമുറുക്കം, അർബുദം ഇവയും നടുവേദനക്കിടയാക്കാറുണ്ട്. ഡിസ്‌കുകളിൽ സാധാരണഗതിയിൽ ധാരാളം ജലാംശം ഉണ്ടായിരിക്കും. പ്രായമാകുന്തോറും ഡിസ്‌കിനുള്ളിലെ ജലാംശം കുറയുന്നത് ഡിസ്‌കിന്റെ ഇലാസ്തികതയും വഴക്കവും നഷ്ടമാക്കുന്നു. ഇത് ഡിസ്‌കുകൾ പൊട്ടാനും തെന്നാനുമുള്ള സാധ്യത കൂട്ടും.
സ്ത്രീകളിലാണ് ഇന്ന് നടുവേദന കൂടുതലായി കണ്ട് വരുന്നത്. ഗർഭാശയത്തിലും അണ്ഡാശയങ്ങളിലുമുണ്ടാകുന്ന അണുബാധയും രോഗങ്ങളും സ്ത്രീകളിൽ നടുവേദനക്കിടയാക്കാറുണ്ട്. ഗർഭകാലം, പ്രസവം, വയർ ചാടൽ, പേശികളുടെ ബലക്ഷയം, ഇവയും സ്ത്രീകളിൽ നടുവേദന കൂട്ടാറുണ്ട്. അസ്ഥിക്ഷയം പോലുള്ള രോഗങ്ങൾ സ്ത്രീകളിൽ കൂടുതലായതിനാൽ നടുവേദനക്കുമിത് കാരണമാകാറുണ്ട്.
ലക്ഷണങ്ങൾ
1. നടുഭാഗത്തോ പുറത്തോ വേദന
2. കുനിയാനും നിവരാനും ബുദ്ധിമുട്ട്
3. നടുവിൽ പെട്ടെന്നുണ്ടാകുന്ന വേദന
4. നിൽക്കാനും നടക്കാനും പ്രയാസം
5. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും വേദന കൂടുക
6. കാലിന് ബലക്ഷയം
