താഹ സംവിധാനം ചെയ്ത 'ഈ പറക്കും തളിക' സിനിമയില്‍ നാടോടിയായി എത്തിയ നിത്യാ ദാസ് പുഴയില്‍ കുളിച്ച് നിവരുമ്പോഴേക്കും അതിസുന്ദരിയായത് നാം കണ്ടതാണ്. സുന്ദരി മാത്രമല്ല വലിയ പണക്കാരിയും മന്ത്രിയുടെ മകളുമായിരുന്നു ആ ചിത്രത്തില്‍. എന്നാല്‍ അത്തരമൊരു കഥ ഈയിടെ ഉത്തര്‍പ്രദേശിലും നടന്നു. സിനിമയെ പോലും വെല്ലുന്നതാണ് കഥ. ഭിക്ഷ യാചിച്ച് നടന്ന ഒരു തമിഴ് യാചകനെ സന്നദ്ധ സംഘടാ പ്രവര്‍ത്തകര്‍ പിടിച്ച് കുളിപ്പിച്ച് വൃത്തിയാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം മനസ്സിലായത്. ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യമുള്ളയാളാണ് ഈ വൃദ്ധ യാചകന്‍.
യാചകനെ കുളിപ്പിച്ച് വൃത്തിയാക്കാനായി വസ്ത്രങ്ങള്‍ ഊരിയപ്പോഴയാണ് വസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചുവച്ച ആധാര്‍ കാര്‍ഡിന്റെയും സ്ഥിര നിക്ഷേപത്തിന്റെയും പേപ്പറുകള്‍ കണ്ടെത്തിയത്.1,06,92,731 രൂപയുടെ നിക്ഷേപമാണ് ഈ വൃദ്ധനുള്ളത്. പിന്നീട് ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വലിയ ബിസിനസ്സുകാരനാണ് ഈ യാചകനെന്ന് സംഘടനാ പ്രവര്‍ത്തകര്‍ അറിഞ്ഞത്. മുത്തയ്യ നാടാര്‍ എന്നാണ് യാചകന്റെ പേര്.
ഉത്തര്‍പ്രദേശിലുള്ള ആഗ്രും സ്‌കൂളിലെ സ്വാമി ഭാസ്‌കര്‍ സ്വരൂപ്ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൃദ്ധയാചകന് സംരക്ഷകരായി എത്തിയത്. ഇവര്‍ തന്നെയാണ് തുടര്‍ന്നുണ്ടായ സംഭവങ്ങ ള്‍ പുറം ലോകത്തെ അറിയിച്ചത്.
ഇയാളുടെ ബന്ധുക്കളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയായിരുന്നു സ്വാമി. പിന്നിട് തിരുനെല്‍വേലിയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് മകള്‍ ഗീതയെത്തി അച്ഛനെ കൂട്ടികൊണ്ടുപോയി. ആറുമാസം മുന്‍പ് ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് അച്ഛനെ നഷ്ടമായതെന്ന് മകള്‍ പറയുന്നു.
