ഗർഭിണികൾ പ്രധാനമായി കഴിക്കേണ്ട പഴമാണ് കിവി. കിവിപ്പഴം  കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും വളരെ നല്ലതാണ്. വിറ്റമിൻ സിയുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി കിവിയിലുണ്ട്. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ കുറയാനും കിവിപ്പഴത്തിന്റെ ഉപയോഗം സഹായകമാകും.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഈ പഴം ഗർഭിണികൾ കഴിക്കുന്നത് നല്ലതാണ്. കിവിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.  രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും നല്ല പഴമാണ് കിവി.

 രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോർവേയിലെ ഓസ്​ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ കിവി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. 

നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് കിവി പഴം.  ഒരു കിവി പഴത്തില്‍ 42 കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. കിവി പഴത്തില്‍ വിറ്റമിന്‍ സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ ഫോളിക് ആസിഡ്, കാത്സ്യം, സിങ്ക് എന്നിവയാലും സമ്പന്നമാണ്. ചർമത്തെ ആരോ​ഗ്യത്തോടെ  സംരക്ഷിക്കുന്നതിന് വളരെ നല്ലതാണ് കിവി.

കിവിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മത്തിലുള്ള  കറുത്ത പാടുകളും ചുളിവുകളും മാറ്റാൻ സഹായിക്കുന്നു. പക്ഷാഘാതം, കിഡ്നിസ്റ്റോണ്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ് കിവിപ്പഴം. ആസ്ത്മയുള്ളവർ ദിവസവും ഒരു കിവിപ്പഴം കഴിക്കുക. ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും ഒരു കിവിപ്പഴം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.  മലബന്ധവും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും വളരെ നല്ലൊരു ഫ്രൂട്ടാണ് ഇത്.