രാവിലെ നേരത്തെ എഴുന്നേൽക്കുന്നവർ വൈകി എഴുന്നേൽക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യവാൻമാരായിരിക്കാറുണ്ട്. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന പ്രകാരം നേരത്തെ എഴുന്നേൽക്കാൻ സാധിക്കാറുണ്ടോ? ഇല്ല എന്നാകും ഉത്തരം. നിങ്ങൾ രാവിലെ ആദ്യം നുകരുന്ന പാനീയവും ഭക്ഷണവും നല്ലതാണെങ്കിൽ അവ മികച്ച തുടക്കത്തിന് വഴിയൊരുക്കും.

രാവിലെ ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തിൽ തുടങ്ങുന്നത് നിങ്ങളുടെ മൊത്തം ആരോഗ്യത്തിന് ഗുണകരമാണെന്ന് ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അഞ്ച് അത്ഭുതങ്ങൾ എന്താണെന്ന് പരിശോധിക്കാം:
1. ശരീരഭാരം കുറക്കാൻ സഹായകം
നിങ്ങൾ ശരീരഭാരം കൂടുതലുള്ളവരാണെങ്കിൽ പ്രഭാതങ്ങൾ ക്ലേശകരമായിരിക്കും. അമിതഭാരം കുറക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്. തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര് കലർത്തി കുടിക്കാം. ശരീരത്തിന്റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന് കൂടുതൽ കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയാൻ സഹായകമാവുകയുള്ളൂ.

2. ആന്‍റി ഒാക്സിഡന്റ് ഗുണങ്ങൾ
രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ആന്‍റി ഒാക്സിഡന്റ് പ്രവർത്തനങ്ങൾക്ക് ശക്തി പകരും. നാരങ്ങ വിറ്റാമിൻ സി യാൽ സമ്പന്നമാണ്. ഇത് ആന്‍റി ഒാക്സിഡന്റ് പ്രവർത്തനങ്ങളെ സഹായിക്കുകയും ചർമ സംരക്ഷണം, രോഗപ്രതിരോധ ശേഷി, ഡി.എൻ.എയെ നാശത്തിൽ നിന്ന് സംരക്ഷിക്കൽ എന്നിവക്ക് ഫലപ്രദമാണ്. നിങ്ങളിലെ പ്രായമാകൽ പ്രക്രിയയെ ഇത് മന്ദഗതിയിലാക്കും. കാൻസർ, ഹദ്രോഗസാധ്യതകൾ എന്നിവയിൽ നിന്ന് പ്രതിരോധമൊരുക്കാനും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

3. വൃക്കയിലെ കല്ലുകൾ നിയന്ത്രിക്കും
ഒട്ടേറെ പഠനങ്ങളിൽ നാരങ്ങാവെള്ളം രാവിലെ കുടിക്കുന്നത് വൃക്കയിലെ കല്ലിന് നിയന്ത്രണം വരുത്താൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രമൊഴിക്കുന്നതിലുണ്ടാകുന്ന പ്രശ്നങ്ങൾ വൃക്കയിൽ കല്ലുണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മൂത്രത്തെ ശരീരത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നതിനും അതുവഴി വൃക്കയിൽ കല്ലുണ്ടാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

4. ദഹന സഹായി
നാരങ്ങയിലെ അമ്ലത്വം നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായകമാണ്. നാരങ്ങാവെള്ളം കരളിനെ കൂടുതൽ പിത്തരസം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും അതുവഴി ദഹനം വേഗത്തിലാക്കുകയും ചെയ്യും. നെഞ്ചരിച്ചിൽ, പുളിച്ചുതികട്ടൽ, വയർ വീർക്കുന്നത് എന്നിവക്കെല്ലാം നാരങ്ങാവെള്ളം പ്രതിവിധിയാണ്.

5. പ്രഭാതം പ്രകാശമാനമാകും
ഉൽസാഹം നൽകുന്ന മണംആസ്വദിച്ച് ഉണരുന്നത് നിങ്ങളുടെ പ്രഭാതങ്ങളെ പ്രകാശമാനമാക്കും. മികച്ച മണം നിങ്ങളുടെ ആശങ്കകൾ, വിഷാദം എന്നിവക്ക് പ്രതിവിധിയാണ്. നിങ്ങൾ രാവിലെ ആഗ്രഹിക്കുന്നതിലും ഉൗർജത്തോടെ ആരംഭിക്കാൻ നാരങ്ങാവെള്ളം സഹായിക്കും.

