ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുമ്പോൾ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാകും ഉണ്ടാകുക. മുതിർന്നവരായാലും കുട്ടികളായാലും പ്രഭാതഭക്ഷണം മുടക്കുന്നത് നല്ലതല്ല. പ്രഭാതഭക്ഷണം മുടക്കുന്നത് നിരവധി ജീവിതശെെലി രോ​ഗങ്ങൾക്ക് കാരണമാകാറുണ്ട്. ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ പ്രഭാത ഭക്ഷണം സഹായിക്കുന്നു. 

പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് രാവിലെ കഴിക്കേണ്ടത്. ഇഡ്ഡലി, ദോശ, പുട്ട്, ബ്രഡ് പോലുള്ള വിഭവങ്ങളാണ് നമ്മൾ ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്താറുള്ളത്. പ്രഭാതഭക്ഷണം കഴിഞ്ഞ് നിർബന്ധമായും കഴിക്കേണ്ട  4 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

മുട്ട...

ബ്രേക്ക് ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി 2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകുന്നു. രാവിലെ പ്രഭാതഭക്ഷണത്തിൽ ഒരു മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുട്ട കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. 3 മുട്ടയിൽ 20 ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. 

തെെര്...

ഉച്ചയൂണിലാണ് മിക്കവരും തെെര് ഉൾപ്പെടുത്തുന്നത്. ഉച്ചയ്ക്ക് മാത്രമല്ല ഇനി മുതൽ ബ്രേക്ക് ഫാസ്റ്റിലും തെെര് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ തെെര് വിശപ്പ് കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ തെെര് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു. തൈര് കോശജ്വലന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.

നട്സ്...

പ്രഭാതഭക്ഷണം കഴിച്ച് കഴി‍ഞ്ഞ് രണ്ടോ മൂന്നോ നട്സ് കഴിക്കുന്നത് ഇനി മുതൽ ശീലമാക്കുക. നട്സ് രാവിലെ കഴിക്കുന്നത് ഭക്ഷണം ദഹിക്കുന്നത് എളുപ്പത്തിലാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും നട്സ് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 28 ​​ഗ്രാം ബദാമിൽ 129 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് അണ്ടിപരിപ്പ്. അണ്ടിപരിപ്പിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. 

ഫ്രൂട്ട്സ്...

 രാത്രി ഭക്ഷണം കഴിഞ്ഞ് ഫ്രൂട്ട്സ് കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് പോലെ തന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഫ്രൂട്ട്സ് കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ഭക്ഷണം പെട്ടെന്ന് ദ​ഹിക്കാനും അമിത വിശപ്പ് അകറ്റാനും സഹായിക്കുന്നു. ആപ്പിൾ, മാമ്പഴം, മുന്തിരി ഏത് ഫ്രൂട്ട് വേണമെങ്കിലും പ്രഭാതഭക്ഷണത്തിന് ശേഷം കഴിക്കാം.