തിരിച്ചുകിട്ടില്ലെന്ന് കരുതിയ ജീവിതം നല്‍കിയ ബിനുകൃഷ്‌നനെ മറക്കാന്‍ ആ നാല് കുടുംബങ്ങള്‍ക്കാവില്ല. മരണത്തെ മുഖാമുഖം കണ്ട നാലുപേര്‍ക്കാണ് അവയവദാനത്തിലൂടെ ബിനുകൃഷ്ണന്‍ പുതുജന്മം നല്‍കിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ബിനു കൃഷ്ണന്‍റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ് എന്നിവയാണ് ബന്ധുക്കള്‍ ദാനം നല്‍കിയത്. എറണാകുളം, വൈറ്റില, ഐ.എസ്.എന്‍. റോഡ് മാപ്രയില്‍ ഹൗസ് സ്വദേശിയാണ് 35 വയസുക്കാരാനായ ബിനുകൃഷ്ണന്‍. 

പരേതനായ കൃഷ്ണന്‍റെയും അമ്മിണിയുടെയും മകനാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി നോക്കുന്ന ബിനുകൃഷ്ണന്‍. അതേ കമ്പനിയിലെ സിനിയാണ് ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. നാലര വയസുള്ള മകനുമുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച സുഹൃത്തിനോടൊപ്പം ബൈക്കോടിച്ച് വരികയായിരുന്നു ബിനുകൃഷ്ണന്‍.

വൈറ്റില ജംഗ്ഷനിലെത്തിയപ്പോള്‍ ബിനുകൃഷ്ണന് കഠിനമായ തലവേദനയനുഭവപ്പെടുകയും ബി.പി. കൂടുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്ത് അയാളെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെത്തിച്ചു. വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുള്ളതായും തലാമിക് ബ്ലീഡാണെന്നും കണ്ടെത്തി. 

ബിനുകൃഷ്ണന്‍റെ ജീവന്‍ രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയങ്കിലും വ്യാഴാഴ്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ച് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച രാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. 

വെള്ളിയാഴ്ച രാവിലെ രണ്ടാമതും മസ്തിഷ്‌ക മരണം സംഭവിച്ചതാി ഉറപ്പുവരുത്തി. രണ്ട് വട്ടവും ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. 

ബിനുകൃഷ്ണന്‍ മസ്തിഷ്‌ക മരണമടഞ്ഞതോടെ ആശുപത്രി അധികൃതര്‍ കേരള സര്‍ക്കാരിന്‍റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് അഥവാ മൃതസഞ്ജീവനിയെ വിവരം അറിയിച്ചു. മൃതസഞ്ജീവനിയിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അവയവദാനത്തിന്‍റെ സാധ്യതകളെക്കുറിച്ച് ബിനുവിന്‍റെ ബന്ധുക്കളോട് സംസാരിക്കുകയും ഭാര്യയായ സിനിയും ബിനുകൃഷ്ണന്‍റെ സഹോദരനായ ബിജു കൃഷ്ണനും അവയവദാനത്തിന് സമ്മതം നല്‍കുകയുമായിരുന്നു.

ഹൃദയം കോഴിക്കോട് സ്വദേശിയുമായ സിനോജിനും (28), ഒരു വൃക്ക പത്തനംതിട്ട സ്വദേശി ജയകുമാര്‍ വി.ജി. (46)യ്ക്കും രണ്ടാമത്തെ വൃക്കയും പാന്‍ക്രിയാസും കോട്ടയം മണിമല സ്വദേശിനിയായ സൂര്യ അശോകിനും (31), കരള്‍ ശാസ്തമംഗലം സ്വദേശി സുരേഷ്‌കുമാറിനും (48) നല്‍കിയാണ് ബിനുക്യഷ്ണന്‍ നാല് കുടുംബങ്ങള്‍ക്ക് പുതുജീവിതം നല്‍കിയത്.