അസൂയയ്‌ക്കും കഷണ്ടിക്കും മരുന്നില്ല എന്നാണ് പഴമൊഴി. എന്നാല്‍ പുതിയകാലത്ത് ഇത് മാറ്റിയെഴുതേണ്ടിവരും. പുരുഷന്‍മാര്‍ ഇന്ന് കഷണ്ടിയെ ഭയക്കുന്നില്ല. എന്തെന്നാല്‍ കഷണ്ടിക്ക് പരിഹാരമുണ്ട്. കഷണ്ടി മാറ്റാനുള്ള ചികില്‍സയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
കഷണ്ടിയുടെ ചികില്‍സ
കഷണ്ടി മാറ്റാനുള്ള ചികില്‍സയില്‍ ഏറ്റവും പ്രധാനം ശസ്‌ത്രക്രിയയാണ്. മരുന്ന് ഉപയോഗിച്ചുള്ള ചികില്‍സ നിലവിലുണ്ടെങ്കിലും എപ്പോഴും ഇത് ഫലപ്രദമാകണമെന്നില്ല. ശസ്‌ത്രക്രിയ എന്നു പറയുമ്പോള്‍, മുടിമാറ്റിവെയ്‌ക്കുകയാണ് ചെയ്യുന്നത്. മുടിയില്ലാത്ത സ്ഥലത്ത് മുടി എടുത്ത് വെക്കുകയാണ് ചെയ്യുന്നത്. കഷണ്ടിയുടെ കാരണം ഹോര്‍മോണ്‍ അപര്യാപ്‌തയാണ്. അതുകൊണ്ടുതന്നെ ഒരിക്കലും ഹോര്‍മോണ്‍ അപര്യാപ്‌തത ഉണ്ടാകാത്ത ഭാഗത്തുനിന്നാണ് മാറ്റിവെക്കാനുള്ള മുടി എടുക്കുന്നത്. ഇതിലൂടെ കഷണ്ടി പൂര്‍ണമായും മാറ്റാനാകില്ലെങ്കിലും അവസ്ഥയില്‍ നല്ല മാറ്റമുണ്ടാക്കാനാകും.
ശസ്‌ത്രക്രിയ എങ്ങനെ?
നമ്മുടെ ശരീരത്തില്‍നിന്ന് മുടിയുള്ള ഭാഗത്ത് നിന്ന് മുടിയെടുത്ത്, കഷണ്ടിയുള്ള ഭാഗത്ത് നട്ടുവെക്കുന്നു. അപ്പോള്‍ അവിടേക്ക് രക്തയോട്ടം കൂട്ടും. അങ്ങനെ ജീവനുള്ള അവിടെ വളരാന്‍ തുടങ്ങുന്നു. മുടി എടുക്കാവുന്ന സ്ഥലത്തില്‍ പരിമിതി ഉള്ളതുകൊണ്ട്, മുടിയുടെ എണ്ണം കുടുതല്‍ ഉണ്ടാകില്ല. കട്ടിയുള്ള മുടി കൂടുതല്‍ കിട്ടാന്‍ ബുദ്ധിമുട്ടും. എന്നിരുന്നാലും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്നയാളുടെ കഷണ്ടി എന്ന രൂപം ഏറെക്കുറെ മാറ്റാന്‍ സാധിക്കും. ചിലരില്‍ ഇത്തരത്തില്‍വെക്കുന്ന മുടി കൊഴിഞ്ഞുപോകും. എന്നാലും ആശങ്കപ്പെടേണ്ട. മൂന്നു മാസം കഴിയുമ്പോള്‍ മുടി വളരാന്‍ തുടങ്ങും. വെച്ച മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍, ഇഞ്ചക്ഷനും മരുന്നും, ക്രീമും ഒക്കെ നല്‍കും. ഇങ്ങനെ ആറു മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഫലപ്രാപ്‌തിയുളവാകുന്ന രീതിയില്‍ മുടി വളര്‍ന്നു കഷണ്ടി ഏറെക്കുറെ മാറിക്കിട്ടും. ചില രോഗികളില്‍ രണ്ടു ഘട്ടമായി വേണം ശസ്‌ത്രക്രിയ ചെയ്യേണ്ടത്. ഒരു ശസ്‌ത്രക്രിയ ചെയ്യാന്‍ 6-7 മണിക്കൂറുകള്‍ വേണ്ടി വരും.
ഡോ. ചാക്കോ സിറിയന്‍
കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജന്‍
ലൂര്‍ദ് ആശുപത്രി എറണാകുളം
