ഇന്ത്യന്‍ ജനസംഖ്യയില്‍ 52 ശതമാനം ആളുകള്‍ക്ക് ഹൃദ്രോഗം ഉണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയൊക്കെ ഹൃദ്രോഗ സാധ്യത കൂട്ടുന്നു. എന്നാല്‍ ഒരാളുടെ രക്തഗ്രൂപ്പ് അടിസ്ഥാനമാക്കി ഹൃദ്രോഗ സാധ്യത കൂടുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. രക്തഗ്രൂപ്പ് ഒ ഒഴികെയുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്. ഹോളണ്ടിലെ ഗ്രോണിങ്കന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് എ, ബി, എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഒമ്പത് ശതമാനം കൂടുതലായിരിക്കും. ഒ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ ഹൃദ്രോഗസാധ്യത കൂടാന്‍ കാരണം രക്തത്തിലെ ഘടകങ്ങളിലുള്ള വ്യതിയാനമാണ്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന തരം പ്രോട്ടീനുകള്‍ ഒ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ കൂടുതലായിരിക്കും. കൂടാതെ ഇത്തരക്കാരില്‍ ഗലാക്‌ടിന്‍-3, ചീത്ത കൊളസ്‌ട്രോള്‍ എന്നിവ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമായി. ഏഴുലക്ഷത്തില്‍ അധികം പേരെയാണ് പഠനവിധേയമാക്കിയത്. പഠനറിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റീസ് ഓഫ് കാര്‍ഡിയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചു.