തങ്ങളുടെ മോഷണം പോയ ചെടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കട്ടെടുത്ത് കൊണ്ടു പോയ ചെടികള്‍ തിരികെ കൊണ്ടു തരണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് സെയ്ജി ലിമുറയും ഭാര്യ ഫ്യുയുമിയും

പൂച്ചകുട്ടികളെയും പട്ടികുട്ടികളെയും കാണാതെ പോകുമ്പോള്‍ അവരെ കുറിച്ചുള്ള ഓര്‍മ്മകളും അവരെ കണ്ടുകിട്ടുന്നവര്‍ അറിയിക്കുക തുടങ്ങിയ പോസ്റ്റുകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണറുണ്ട്. എന്നാല്‍ ഇവിടെ ഇതാ തങ്ങളുടെ മോഷണം പോയ ചെടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കട്ടെടുത്ത് കൊണ്ടു പോയ ചെടികള്‍ തിരികെ കൊണ്ടു തരണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് സെയ്ജി ലിമുറയും ഭാര്യ ഫ്യുയുമിയും. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍. 

400 വയസായ ബോണ്‍സായി വൃക്ഷമാണ് മോഷണം പോയത്. ജപ്പാനിലെ ബോണ്‍സായി പ്രേമിയായ ഫുയുമി ഇമുറയുടെ വീട്ടില്‍ നിന്നാണ് ബോണ്‍സായി മോഷണം നടന്നത്. എന്നാല്‍ അത് ആര് മോഷ്ട്ടിച്ചാലും തന്‍റെ ബോണ്‍സായി വൃക്ഷത്തിന് കൃത്യമായി വെള്ളമൊഴിക്കണമെന്ന് ഫുയുമി ഫേസ്ബുക്കില്‍ കുറിച്ചു. നഷ്ടപ്പെട്ടത് തന്‍റെ കുഞ്ഞിനെയാണെന്നും നൂറ്റാണ്ടുകള്‍ നീണ്ട പ്രയത്‌നം ശ്രദ്ധകുറവ് കൊണ്ട് നശിപ്പിക്കരുതെന്നും ഫുയുമി പറഞ്ഞു.

"ഞങ്ങളുടെ ഷിംപാകു ജൂനിപെറിന് 400 വയസായി. അതിന് നല്ല പരിചരണം ആവശ്യമുണ്ട്. വെള്ളം കിട്ടിയില്ലെങ്കില്‍ ഒരാഴ്ചയില്‍ കൂടുതല്‍ അതിന് അതിജീവിക്കാന്‍ കഴിയില്ല. തിരിച്ചു നല്‍കിയില്ലെങ്കിലും സാരമില്ല, അതിനെ നല്ല പോലെ നോക്കിയാല്‍ മതി"- ഫേസ്ബുക്ക് പോസ്റ്റില്‍ സെയ്ജി കുറിച്ചു.


ലോകത്ത് ഇപ്പോള്‍ നിലവിലുള്ള ഏറ്റവും പഴക്കമേറിയ ബോണ്‍സായി ശേഖരത്തില്‍ നിന്നുള്ള അപൂര്‍വ്വ ഇനമായ ഷിംബാകു ജുനിപേസാണ് മോഷണം പോയത്.