പത്തനാപുരം എംഎൽഎ ജ്യോതികുമാർ ചാമക്കാലയ്ക്ക് കൊട്ടാരക്കരയിൽ ഒരുക്കിയ സ്വീകരണ പരിപാടിക്കിടെയാണ് കോൺഗ്രസുകാർ തമ്മിലടിച്ചത്. ഏറ് ഭയന്ന് സ്വീകരണ സ്ഥലത്ത് നിന്നും ഓടിയ എംഎൽഎ വണ്ടിയിൽ കയറി ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

കൊല്ലം: എംഎൽഎയുടെ സ്വീകരണപരിപാടിയിൽ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞ ദിവസം കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കിലായിരുന്നു സംഭവം. പത്തനാപുരം എം എൽ എ ജ്യോതികുമാർ ചാമക്കാലയ്ക്കായ് ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് രമേശ് ചെന്നിത്തല ഗ്രൂപ്പുകാരനായ കിഴക്കേ ത്തെരുവ് വാർഡ് പ്രസിഡന്റ് അലക്സിനെ കെസി പക്ഷക്കാരനായ മേലില പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അജിത് കുമാറിന്റെ നേതൃത്വത്തിൽ അക്രമിച്ചത്.ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം അനു വർഗീസും അജിത്തും ചേർന്നായിരുന്നു മർദ്ദനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണത്തിൽ അലക്സിന്റെ മുഖത്തും ചെവിക്കും പരുക്കേറ്റു. അടികൊണ്ട് അലക്സ് സമീപത്തെ മീൻകടയുടെ മുൻഭാഗത്ത് വെച്ചിരുന്ന തട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അതിക്രൂരമായാണ് അലക്സിനെ മർദ്ദിച്ചത്. കണ്ടു നിന്നവർ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടെ സ്വീകരണം ഏറ്റുവാങ്ങാൻ എംഎൽഎ സ്ഥലത്തെത്തി. ശ്രദ്ധ മാറുന്നത് കണ്ട് ചാടി എഴുന്നേറ്റ് അലക്സ് പ്രതിരോധം തീർക്കാൻ ശ്രമിച്ചു. കയ്യിൽ കിട്ടിയ കല്ലുകൊണ്ട് തിരികെ ആക്രമിക്കാനും ശ്രമിച്ചു. ഏറു ഭയന്ന് അജിത്തും ജ്യോതികുമാർ എംഎൽഎയും ഓടി രക്ഷപ്പെട്ടു. 

സ്വീകരണ സ്ഥലത്ത് നിന്നും ഓടിയ എംഎൽഎ വണ്ടിയിൽ കയറി ജീവനും കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. ഏതായാലും മറനീക്കി പുറത്തുവന്ന കോൺഗ്രസിലെ പരസ്യഗ്രൂപ്പ് പോരും എംഎൽഎയ്ക്ക് നൽകിയ 'പൊളി'സ്വീകരണവും സൈബർ ഇടങ്ങളിൽ വെച്ചലക്കുകയാണ് ഇടതുപക്ഷം. ഇതിനിടെ കോൺഗ്രസുകാരുടെ ഈ തമ്മിലടിയെകുറിച്ച് സിപിഎം പാർട്ടി പത്രത്തിൽ വന്ന വാർത്ത ബിജെപി നേതാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും ചർച്ചയായിട്ടുണ്ട്.