കുടലിനെയും ക്രമേണ ആകെ ദഹനവ്യവസ്ഥയെയും ഒക്കെ തകിടം മറിക്കാന്‍ തക്ക വീര്യമുള്ളവയാണ്  'സോഫ്റ്റ് ഡ്രിംഗ്‌സ്'. എന്നാല്‍ ഇതിന് പകരം വീട്ടില്‍ തന്നെ വളരെ ലളിതമായി ഉണ്ടാക്കാവുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് പറയുന്നത്

ദാഹമകറ്റാന്‍ എളുപ്പത്തില്‍ സോഫ്റ്റ് ഡ്രിംഗ്‌സ് വാങ്ങിക്കുടിക്കുകയാണ് പൊതുവേ എല്ലാവരുടെയും ശീലം. ഇങ്ങനെയുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിന് എത്രമാത്രം ദോഷം ചെയ്യുമെന്ന് അറിയാമെങ്കിലും വീണ്ടും ഇത് ആവര്‍ത്തിക്കുകയും ചെയ്യും. കുടലിനെയും ക്രമേണ ആകെ ദഹനവ്യവസ്ഥയെയും ഒക്കെ തകിടം മറിക്കാന്‍ തക്ക വീര്യമുള്ളവയാണ് ഇത്തരം 'സോഫ്റ്റ് ഡ്രിംഗ്‌സ്'. എന്നാല്‍ ഇതിന് പകരം വീട്ടില്‍ തന്നെ വളരെ ലളിതമായി ഉണ്ടാക്കാവുന്ന ഒരു 'ഡ്രിംഗ്' ആണ് മോര് ജ്യൂസ്. 

പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍ക്കുന്നത് നമ്മുടെയെല്ലാം വീട്ടില്‍ മുമ്പ് എപ്പോഴും ഉണ്ടാക്കി, കലത്തില്‍ സൂക്ഷിച്ചിരുന്ന മോര് വെള്ളമല്ലേ? അതുതന്നെയാണ് മോര് ജ്യൂസും. ചെറിയ മാറ്റമുണ്ടെന്ന് മാത്രം. 

മോര് ജ്യൂസ് തയ്യാറാക്കാം...

മോരില്‍ ഉപ്പും തണുത്ത വെള്ളവും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ക്കുന്നതിനൊപ്പം അല്‍പം കക്കിരിയും മല്ലിയിലയും കൂടി അരച്ച് ചേര്‍ക്കുക. ഇത് എത്ര വീതം വേണമെന്ന് ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യപ്രകാരം തീരുമാനിക്കാം. ഫ്രിഡ്ജില്‍ വച്ചോ, കലത്തില്‍ അടച്ചുവച്ചോ ഒക്കെ നന്നായി തണുപ്പിച്ച് കഴിക്കാവുന്നതാണ്. 

ഗുണങ്ങള്‍...

ശരീരത്തിന് നല്ലരീതിയില്‍ തണുപ്പേകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. മോരും കക്കിരിയുമാണ് ശരീരത്തെ തണുപ്പിക്കാന്‍ സഹായകമാകുന്നത്. കൂടാതെ, ദഹനപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതിനും ഇത് ഏറെ സഹായകമാണ്. 

ആരോഗ്യത്തിന് അവശ്യം വേണ്ട വിറ്റാമിനുകള്‍, കാത്സ്യം, മിനറലുകള്‍- ഇവയെല്ലാം മോരിലടങ്ങിയിട്ടുണ്ട്. മോരിന്റെ അസിഡിക് സ്വഭാവമാണ് ഭക്ഷണത്തെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല, എണ്ണമയമുള്ള ഭക്ഷണത്തില്‍ നിന്ന് കുടല്‍ഭിത്തികളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന എണ്ണയുടെയും കൊഴുപ്പിന്റെയും അവശിഷ്ടങ്ങള്‍ ഒഴുക്കിക്കളയാനും മോര് സഹായിക്കും.