Asianet News MalayalamAsianet News Malayalam

പുകവലി കാഴ്ചയ്ക്കും മങ്ങലേല്‍പിച്ചേക്കാം...

കാഡ്മിയവും ലെഡും ക്രമേണ റെറ്റിനയില്‍ അടിഞ്ഞുകൂടുന്നതോടെയാണ് കാഴ്ചയ്ക്ക് തടസ്സമുണ്ടാകുന്നത്. വെളിച്ചത്തെ തിരിച്ചറിയാനും അത് സന്ദേശമായി തലച്ചോറിലേക്കയക്കാനുമെല്ലാം സഹായിക്കുന്നത് റെറ്റിനയാണ്. എന്നാല്‍ വലിയ അളവില്‍ കാഡ്മിയം അടിഞ്ഞുകൂടുന്നതോടെ റെറ്റിനയ്ക്ക് ഈ ധര്‍മ്മം കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാതെയാകുന്നു

cadmium due to smoking may cause eye sight issue
Author
Madison, First Published Sep 20, 2018, 5:45 PM IST

പുകവലി ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും പുകവലി വഴി വച്ചേക്കാമെന്നാണ് വിസ്‌കോസിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം വിലയിരുത്തുന്നത്. 

പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം കലര്‍ന്നിരിക്കുമെന്നും ഇതാണ് കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നതെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ലെഡ് - കാഡ്മിയം മൂലകങ്ങള്‍ ശരീരത്തിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതിനിടെയാണ് പുകവലി സൃഷ്ടിക്കുന്ന ഈ അപകടത്തെ കുറിച്ചും സംഘം പഠിച്ചത്. 

കാഡ്മിയവും ലെഡും ക്രമേണ റെറ്റിനയില്‍ അടിഞ്ഞുകൂടുന്നതോടെയാണ് കാഴ്ചയ്ക്ക് തടസ്സമുണ്ടാകുന്നത്. വെളിച്ചത്തെ തിരിച്ചറിയാനും അത് സന്ദേശമായി തലച്ചോറിലേക്കയക്കാനുമെല്ലാം സഹായിക്കുന്നത് റെറ്റിനയാണ്. എന്നാല്‍ വലിയ അളവില്‍ കാഡ്മിയം അടിഞ്ഞുകൂടുന്നതോടെ റെറ്റിനയ്ക്ക് ഈ ധര്‍മ്മം കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാതെയാകുന്നു. 

വെളിച്ചം കുറവുള്ള സാഹചര്യങ്ങളിലും, ഇരുട്ടിലും, മഞ്ഞ് മൂടിയ കാലാവസ്ഥയിലുമെല്ലാം ഇത്തരക്കാര്‍ക്ക് കാഴ്ച മങ്ങിയിരിക്കും. സൂക്ഷ്മമായ ഒന്നും ഇവര്‍ക്ക് കാണാനേ സാധിക്കുകയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. സാധാരണഗതിയില്‍ പ്രായം കൂടുമ്പോഴാണ് ഇത്തരത്തിലുള്ള തകരാര്‍ ഉണ്ടാവുക. എന്നാല്‍ പുകവലി മൂലം ഈ പ്രശ്‌നം ആളുകളില്‍ നേരത്തേയുണ്ടാകുന്നു. 

പത്ത് വര്‍ഷം നീണ്ട പഠനമാണ് ഗവേഷകസംഘം നടത്തിയത്. ഏതാണ്ട് രണ്ടായിരത്തോളം പേരെയാണ് പഠനത്തിനായി സംഘം ഉപയോഗിച്ചത്. ആദ്യകാലം തൊട്ട് ഇടവേളകളില്‍ ഇവരുടെ കാഴ്ച പരിശോധിച്ചുവന്നിരുന്നു. പിന്നീട് ഇവരില്‍ 25 ശതമാനം പേരുടെ കാഴ്ചയ്ക്കും പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. എന്നാല്‍ കാഡ്മിയം മാത്രമാണ് ഈ കാഴ്ചാപ്രശ്‌നത്തിന്റെ ഏകകാരണമെന്ന് പഠനം അവകാശപ്പെടുന്നില്ല. കാഡ്മിയം പല കാരണങ്ങളില്‍ ഒന്ന് എന്ന് മാത്രമാണ് ഇവര്‍ വാദിക്കുന്നത്. 

സാധാരണഗതിയിലുണ്ടാകുന്ന കാഴ്ചാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് പോലെ ചികിത്സ കൊണ്ടോ, കണ്ണടയോ കോണ്ടാക്ട് ലെന്‍സോ ഉപയോഗിച്ചോ ഈ അവസ്ഥയെ മറികടക്കാനാകില്ലെന്നും ഗവേഷകര്‍ പറയുന്നു. കാഡ്മിയം കാഴ്ചയ്ക്ക് മാത്രമല്ല, മറ്റ് പല മാരകമായ ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക തന്നെയാണ് നല്ലതെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
 

Follow Us:
Download App:
  • android
  • ios