ഒരു പെണ്‍കുട്ടി ഉറ്റസുഹൃത്താകണമെന്ന് ആഗ്രഹിക്കാത്ത ആണ്‍കുട്ടികള്‍ ഉണ്ടാകുമോ? ആണും പെണ്ണും ഉറ്റ സുഹൃത്തുക്കളായാല്‍, പരസ്‌പരം തമാശകള്‍ പറഞ്ഞും, കെയര്‍ ചെയ്‌തും, മനസിലാക്കിയും, പ്രണയിക്കാനുള്ള സൂത്രങ്ങള്‍ പറഞ്ഞുകൊടുത്തും ആ സൗഹൃദം ദൃഢമായി മുന്നോട്ടുപോകും. എന്നാല്‍ ചില സന്ദര്‍ഭങ്ങള്‍ ഇത്തരം സൗഹൃദം ഒരു പ്രശ്‌നമായി മാറാറുണ്ട്. അത് എപ്പോഴൊക്കെയാണെന്ന് നോക്കാം...
സമൂഹവും ഉറ്റവരും സംശയത്തോടെ നോക്കും...
ഒരു ആണും പെണ്ണും നല്ല സുഹൃത്തുക്കളെപ്പോലെ അടുത്തിടപഴകുമ്പോള്‍, സമൂഹവും കുടുംബാംഗങ്ങളുമൊക്കെ സംശയത്തോടെ നോക്കും. അവര്‍ തമ്മില്‍ മറ്റുതരത്തിലുള്ള ബന്ധമുണ്ടെന്ന് ആക്ഷേപം ഉയരും.
പ്രേമിക്കുന്നവര്‍ സുഹൃത്തിനെ വെറുക്കും...
ഉറ്റ സുഹൃത്തുക്കളായ ആണ്‍കുട്ടിക്കോ, പെണ്‍കുട്ടിക്കോ ഒരു പ്രണയബന്ധം ഉണ്ടെങ്കിലാണ് അടുത്ത പ്രശ്‌നം. ആണ്‍കുട്ടിയുടെ കാമുകിക്ക്, ആ പെണ്‍കുട്ടിയോടു വെറുപ്പായിരിക്കും. എപ്പോഴും സംശയത്തോടെയാകും കാമുകി അവന്റെ ഉറ്റ സുഹൃത്തായ പെണ്‍കുട്ടിയെ നോക്കിക്കാണുക. പെണ്‍കുട്ടിയുടെ കാമുകന്‍, ആണ്‍ സുഹൃത്തിനെ നോക്കിക്കാണുന്നതും ഇതേപോലെയാകും.
പലതും ത്യജിക്കേണ്ടിവരും...
ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ചിലപ്പോഴൊക്കെ ആണുങ്ങള്‍ക്ക് പാരയായി വരാറുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എല്ലാ കാര്യങ്ങളിലും പെണ്‍ സുഹൃത്തിനുവേണ്ടി താഴ്‌ന്നുകൊടുക്കേണ്ടിവരും. ഉദാഹരണത്തിന് അവള്‍ പറയുന്ന സ്ഥലങ്ങളില്‍ കൊണ്ടുവിടുകയും കൊണ്ടുവരികയും വേണ്ടിവരും. ഭക്ഷണം കഴിക്കാന്‍പോകുമ്പോള്‍, അവളുടെ ഇഷ്‌ടത്തിന് മുന്‍തൂക്കം നല്‍കേണ്ടിവരും. ഷോപ്പിങിന് പോകുമ്പോഴും ഇതുതന്നെയാകും സ്ഥിതി. ഈ സൗഹൃദം നിലനിര്‍ത്താന്‍ വ്യക്തിപരമായ പല താല്‍പര്യങ്ങളും ഇഷ്‌ടങ്ങളും മാറ്റിവെക്കേണ്ടിവരുമെന്ന് സാരം.
ആണ്‍സുഹൃത്തിന് ആരോടെങ്കിലും പ്രണയം തോന്നിയാല്‍...
ആണ്‍ സുഹൃത്തിന് മറ്റൊരു പെണ്‍കുട്ടിയോട് പ്രേമം തോന്നിയെന്ന് വെക്കുക. ഇക്കാര്യം എന്തായാലും പെണ്‍ സുഹൃത്തിനോട് പറയുമല്ലോ. പ്രേമം തോന്നിയ പെണ്‍കുട്ടിയുടെ കുറ്റവും കുറവുമൊക്കെ നിര്‍ണയിക്കുന്ന പരിപാടി പെണ്‍സുഹൃത്ത് തുടങ്ങി കഴിഞ്ഞിട്ടുണ്ടാകും. അവള്‍ക്ക് നിറം പോര, നീളം പോര, നിനക്ക് ചേരില്ല അങ്ങനെ പല ഡയലോഗുകളും കേള്‍ക്കേണ്ടിവന്നേക്കാം... ചിലര്‍ക്കെങ്കിലും ആ സൗഹൃദം തുടരുന്നതിനുവേണ്ടി മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ച പ്രണയം മാറ്റിവെക്കേണ്ടിവരും.
