കനത്ത മഞ്ഞ് ജനജീവിതം ദുസ്സഹമാക്കുക മാത്രമാണോ ചെയ്യുന്നത്? അല്ലെന്നാണ് വടക്കുപടിഞ്ഞാറന്‍ മൊണ്ടാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം സൂചിപ്പിക്കുന്നത്. മലകളും, പാറക്കെട്ടുകളും, ജലാശയങ്ങളും, വിടര്‍ന്ന സമതലങ്ങളുമൊക്കെയായി അതിമനോഹരമായ ഒരിടമാണിത് 

വിദേശരാജ്യങ്ങളില്‍ പലയിടങ്ങളിലും കടുത്ത മഞ്ഞും, മഞ്ഞുവീഴ്ചയും വലിയ പ്രശ്‌നങ്ങളാണ് തീര്‍ക്കുന്നതെന് ഇതിനോടകം തന്നെ നമ്മള്‍ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കിയിരിക്കും. ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും പുറത്തിറങ്ങാനാകാന്‍ പറ്റാതെ നിരവധി പേര്‍ മഞ്ഞില്‍ വീടുകള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നു. പോയ വര്‍ഷങ്ങളിലൊന്നും നേരിടാത്തയത്രയും ദുരിതങ്ങള്‍. 

ഇത് ജനജീവിതം ദുസ്സഹമാക്കുക മാത്രമാണോ ചെയ്യുന്നത്? അല്ലെന്നാണ് വടക്കുപടിഞ്ഞാറന്‍ മൊണ്ടാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം സൂചിപ്പിക്കുന്നത്. മലകളും, പാറക്കെട്ടുകളും, ജലാശയങ്ങളും, വിടര്‍ന്ന സമതലങ്ങളുമൊക്കെയായി അതിമനോഹരമായ ഒരിടമാണിത്. ഇവിടെയും ഇക്കുറി കനത്ത മഞ്ഞാണ് പെയ്യുന്നത്. 

ഒരു 'മോണിംഗ് വാക്കി'നായി പുറത്തുപോയതായിരുന്നു കാലിസ്‌പെല്‍ സ്വദേശിയായ 'ഫ്‌ളഫി' എന്ന പൂച്ച. തന്റെ ഉടമസ്ഥര്‍ക്കൊപ്പം കാലിസ്‌പെല്ലിലുള്ള വീട്ടിലാണ് ഫ്‌ളഫിയുടെ താമസം. സാധാരണഗതിയില്‍ നടക്കാന്‍ പുറത്തുപോവുകയും സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്യാറുള്ളതിനാല്‍ തന്നെ ഫ്‌ളഫി വീട്ടില്‍ നിന്നിറങ്ങിയത് ആരും ശ്രദ്ധിച്ചില്ല. 

എന്നാല്‍ ഏറെ നേരമായിട്ടും കാണാതായതോടെ ഉടമസ്ഥര്‍ ഫ്‌ളഫിയെ തിരഞ്ഞ് തെരുവിലേക്കിറങ്ങി. വീണുകിടക്കുന്ന മഞ്ഞുകട്ടകള്‍ക്കിടയില്‍ നിന്ന് ഒന്ന് ശ്ബ്ദം വയ്ക്കാന്‍ പോലുമാകാതെ 'ഫ്രീസ്' ആയിക്കിടന്ന ഫ്‌ളഫിയെ ആദ്യമൊന്നും അവര്‍ കണ്ടില്ല. കണ്ടില്ലെന്നല്ല, കണ്ടിട്ടും മനസ്സിലായില്ല. 

തുടര്‍ന്ന് അത് തങ്ങളുടെ പൂച്ചയാണെന്ന് മനസ്സിലാക്കിയ ഉടമസ്ഥര്‍ ഉടനെ തന്നെ ഫ്‌ളഫിയെ പൊതിഞ്ഞെടുത്തു. ദേഹം മുഴുവന്‍ ഐസ് മൂടി ഉറഞ്ഞ അവസ്ഥയിലായിരുന്നു ഫ്‌ളഫിയപ്പോള്‍. വേഗം അടുത്തുള്ള മൃഗാശുപത്രിയിലേക്ക് അവര്‍ അതിനെ കൊണ്ടുപോയി. ജീവന്‍ തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പോലും ഉറപ്പ് നല്‍കിയില്ല. 

കാരണം സാധാരണഗതിയില്‍ ഒരു പൂച്ചയുടെ ശരീര താപനിലയെന്ന് പറയുന്നത് 101 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ ഫ്‌ളഫിയുടെ അന്നേരത്തെ 'ടെംപറേച്ചര്‍' 90 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു. ഡോക്ടര്‍മാര്‍ ഇളംചൂടുവെളളം നിറച്ച ബാഗുകളും, ചൂടുവെള്ളത്തില്‍ മുക്കിയ ടവലുകളുമെല്ലാം ഉപയോഗിച്ച് ഫ്‌ളഫിയുടെ ദേഹത്തെ ഐസ് മുഴുവന്‍ ഉരുക്കിക്കളഞ്ഞു. 

പിന്നെയും ഒരു മണിക്കൂര്‍ എടുക്കേണ്ടിവന്നു, ഫ്‌ളഫിയുടെ ജീവന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിക്കാന്‍. അടുത്തുതന്നെ മൃഗാശുപത്രി ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഫ്‌ളഫി രക്ഷപ്പെട്ടതെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. അതേസമയം മഞ്ഞ് കനക്കുമ്പോള്‍ നമ്മള്‍ സ്വയം സുരക്ഷിതരാകുന്നത് പോലെ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതരാക്കാനുള്ള മാര്‍ഗങ്ങളും നിര്‍ബന്ധമായി കൈക്കൊള്ളണമെന്നാണ് ആശുപത്രി അധികൃതരുടെ നിര്‍ദേശം.